സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകന് വിവാഹം കഴിക്കുന്നത് സാധാരണ രീതിയിലാവാന്‍ ന്യായമില്ല. ബ്രൂണെയ് സുല്‍ത്താന്റെ മകനായ മുപ്പത്തൊന്നുകാരന് അബ്ദുള്‍ മാലിക് രാജകുമാരന്റേയും ഇരുപത്തിരണ്ടുകാരിയായ ദയാങ്കു റബീയത്തുള്ളിന്റേയും വിവാഹമാണ് ആഡംബരം കൊണ്ട് ലോകത്തിന്റെ കണ്ണുതള്ളിച്ചത്.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വധൂവരന്മാര് എത്തിയത് സ്വര്‍ണ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ്. വിവാഹ വസ്ത്രങ്ങള്‍ക്ക് മോടി കൂട്ടാന്‍ ധാരാളം വിലയേറിയ അപൂര്‍വ രത്നങ്ങളും പതിച്ചിരുന്നു.
വധുവിന്റെ കൈയിലുണ്ടായിരുന്ന ബൊക്കെയില്‍ പൂക്കളേക്കാള്‍ രത്നങ്ങളായിരുന്നു എന്ന് കാഴ്ചക്കാര്‍. പ്രശസ്ത ഫ്രഞ്ച് ഡിസൈനര്‍ ക്രിസ്ത്യന്‍ ലബോട്ടിനി രൂപകല്‍പ്പന ചെയ്ത ഷൂവായിരുന്നു കാലുകളില്‍. കഴുത്തിലാവട്ടെ മുന്തിരികളുടെ വലിപ്പമുള്ള മൂന്നു രത്നങ്ങള്‍ പതിച്ച സ്വര്‍ണ നെക്ലേസും.
എണ്ണ, പ്രകൃതിവാതക മേഖലയില്‍ കോടികളുടെ നിക്ഷേപമുള്ള ബ്രൂണെയ് സുല്‍ത്താന്‍ ലോകത്തിലെ അതിസമ്പന്നരില്‍ മുന്‍നിരയിലാണ്. മൂന്നു വിവാഹങ്ങളില്‍ നിന്നായി അഞ്ചു പുത്രന്മാരും ഏഴു പുത്രിമാരുമുണ്ട് സുല്‍ത്താന്‍.
വിവാഹ ചടങ്ങുകള്‍ക്കു ശേഷം അതിഥികള്‍ക്കായി ഗംഭീരമായ അത്താഴ വിരുന്നും സജ്ജമാക്കിയിരുന്നു. ഏതാണ്ട് 5,000 പേരെ ഉള്‍ക്കൊള്ളുന്ന ഭീമന് ഹാളിലായിരുന്നു വിരുന്ന്.
ഏപ്രില്‍ 5 തുടങ്ങിയ വിവാഹത്തിന്റെ ആഘോഷങ്ങള്‍ അടുത്ത വ്യാഴാഴ്ച വരെ നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല