സ്വന്തം ലേഖകന്‍: ലോകത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വെള്ള ആണ് കണ്ടാമൃഗത്തിന് പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി. കെനിയന്‍ സര്‍ക്കാരാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ആണ് കണ്ടാമൃഗത്തിന് ഇരുപത്തിനാലു മണിക്കൂറും സായുധ സംരക്ഷണം നല്‍കുന്നത്.
വേട്ടക്കാരില്‍ നിന്നും കണ്ടാമൃഗത്തെ രക്ഷിക്കാന്‍ അതിന്റെ കൊമ്പും അധികൃതര്‍ നീക്കം ചെയ്തു. കണ്ടാമൃഗത്തിന്റെ കൊമ്പിന് അന്താരാഷ്ട്ര വിപണിയില്‍ പൊന്നും വിലയായതിനാല്‍ വേട്ടക്കാരുടെ നോട്ടപ്പുള്ളിയാണ് ആഫ്രിക്കന്‍ ഭീമന് കണ്ടാമൃഗം.
സുഡാന് എന്നു പേരുള്ള ഭീമന് കണ്ടാമൃഗത്തിന് ഇപ്പോള്‍ 43 വയസുണ്ട്. ശരാശരി അമ്പതു വര്‍ഷമാണ് ആഫ്രിക്കന്‍ ആണ് കണ്ടാമൃഗങ്ങളുടെ ഇപ്പോഴത്തെ ആയുസ്. 2009 ല്‍ ചെക്ക് റിപ്പബ്ലിക്കിലെ ഒരു മൃഗശാലയില്‍ നിന്നാണ് സുഡാനും ഒപ്പം രണ്ട് പെണ് കണ്ടാമൃഗങ്ങളും കെനിയയിലെ പൊജേട്ടാ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത്.
വംശനാശം സഭവിച്ചു കൊണ്ടിരിക്കുന്ന വെള്ള കണ്ടാമൃഗങ്ങളെ കറുത്ത കണ്ടാമൃഗങ്ങളുമായി ഇണചേര്‍ത്ത് സങ്കരയിനം കണ്ടാമൃഗങ്ങളെ ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തമാണ് ഈ വന്യജീവി സങ്കേതം. എന്നാല്‍ സുഡാനെ മറ്റ് കറുത്ത കണ്ടാമൃഗങ്ങളുമായി ഇണചേര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെടുകയായിരുന്നു.
സുഡാനോടൊപ്പം ലോകത്ത് ജീവിച്ചിരിക്കുന്ന ഒരേയൊരു വെള്ള ആണ് കണ്ടാമൃഗമായ സുനി കഴിഞ്ഞ ഒക്ടോബറില്‍ മരിച്ചതോടെയാണ് സുഡാന് ഒറ്റയാനായത്. കള്ളക്കടത്തു സംഘങ്ങള്‍ക്കിടയില്‍ കണ്ടാമൃഗത്തിന്റെ കൊമ്പിന് ഏറെ പ്രിയമുള്ളതിനാല്‍ ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചാണ് തങ്ങള്‍ സുഡാന് കാവല്‍ നില്‍ക്കുന്നതെന്ന് കാവല്ക്കാര് പറയുന്നു.
അര നൂറ്റാണ്ടു മുമ്പ് ഏതാണ്ട് 2,000 വെള്ള കണ്ടാമൃഗങ്ങളാണ് ആഫ്രിക്കയിലെമ്പാടും സ്വതന്ത്രമായി വിഹരിച്ചിരുന്നത്. എന്നാല്‍ കൊമ്പിനു വേണ്ടി നിര്‍ദ്ദയം വേട്ടയാടപ്പെട്ട ഇവയുടെ എണ്ണം ഇന്ന് വെറും അഞ്ചായി ചുരുങ്ങിയിരിക്കുകയാണ്. 47, 000 മുതല്‍ 48,000 പൗണ്ട് വരെയാണ് ഒരു കിലോ കൊമ്പിന്റെ അന്താരാഷ്ട്ര വിപണിയിലെ വില. വിവിധ തരം മാറാ രോഗങ്ങള്‍ക്ക് വിശിഷ്ടം ഔഷധമാണ് കണ്ടാമൃഗത്തിന്റെ കൊമ്പ് എന്നാണ് പരമ്പരാഗത വിശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല