സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില് ബുധനാഴ്ച നടന്ന റാലിയില്‍ പാക് പതാക വീശുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത കേസില്‍ വിഘടനവാദി നേതാവ് മസാരത് ആലിമിനെ പോലീസ് അറസ്റ്റു ചെയ്തു. ഒപ്പം ത്രാലില്‍ ഇന്ന് റാലി നടത്താനിരുന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് സയ്യദ് അലി ഷാ ഗിലാനിയെ വീട്ടുതടങ്കിലാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തന്നെ അറസ്റ്റു ചെയ്താലും റാലിക്ക് മാറ്റം ഉണ്ടാവില്ലെന്ന് ആലം വ്യക്തമാക്കി. നേരത്തെ ആലമിനെതിരെ എത്രയും വേഗം നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജമ്മു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ആലമിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോവുമെന്ന് മുഫ്തിയും വ്യക്തമാക്കി. തുടര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമ പ്രകാരം ആലത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് സയ്യദ് അലി ഷാ ഗിലാനി ത്രാലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനു പുറകെയാണ് ഗീലാനിയെ വീട്ടുതടങ്കലിലാക്കിയത്. ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ നിരപരാധിയെയാണ് സൈന്യം വധിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. അനിഷ്ട സംഭങ്ങളെ തുടര്‍ന്ന് ത്രാല്‍ സന്ദര്‍ശിക്കാന്‍ പോകും വഴിയാണ് വിഘടനവാദി നേതാക്കളായ യാസിന് മാലിക്കിനെയും മസ്രത് ആലമിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഗീലാനിയും വെള്ളിയാഴ്ച ത്രാലിലേക്ക് റാലി നടത്താന്‍ ഒരുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല