സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടന് കമല്ഹാസന് രംഗത്തെത്തി. കലാകാരന് എന്ന നിലയില്‍ തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തുപിടിച്ചു ഞെരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡെന്നാണ് കമല്‍ തുറന്നടിച്ചത്. നിയന്ത്രണങ്ങളിലൂടെ ഇവര്‍ തന്റെ സൃഷ്ടിപരതയെ ശ്വാസംമുട്ടിക്കുകയാണ്.
2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം നിരവധി സെന്‍സര്‍ കടമ്പകള്‍ കടന്നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിനായി എത്തിക്കാന്‍ കഴിഞ്ഞത്. 15 ദിവസത്തോളം സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം, തുടര്‍ന്ന് വിവാദ സീനുകള്‍ വെട്ടിനീക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രദര്‍ശനാനുമതി എന്നിങ്ങനെ ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷമാണ് വിശ്വരൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാനായത്.
ഏറെക്കുറെ ഇതേ വിധിയാണ് പുതിയ ചിത്രം ഉത്തമവില്ലനേയും കാത്തിരിക്കുന്നതെന്ന് കമല്‍ രോഷാകുലനായി. സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്!ലജ് നിഹാലനി തന്റെ സുഹൃത്താണെങ്കിലും അവര്‍ക്ക് അവരുടെ ജോലി ചെയ്യേണ്ടെ എന്നും കമല്‍ പറയുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. തന്റെ എതിര്‍പ്പ് സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളോട് ആണെന്നും അല്ലാതെ ബോര്‍ഡിലെ വ്യക്തികളോടല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കമല്ഹാസന് തിരക്കഥ രചിച്ച് നായകനായി വേഷമിടുന്ന പുതിയ ചിത്രം ഉത്തമവില്ലന്‍ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ എട്ടിന് വിശ്വഹിന്ദു പരിഷത് ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
ഹിരണ്യകശിപുവും പ്രഹ്ലാദനും തമ്മിലുള്ള സംഭാഷണം ചിത്രീകരിച്ച ഒരു ഗാനരംഗത്തില്‍ മഹാവിഷ്ണുവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സംഘടനയുടെ ആരോപണം. മേയ് ഒന്നിനാണ് രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ഉത്തമവില്ലന്‍ റിലീസ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല