സ്വന്തം ലേഖകന്‍: മിനിമം വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വമ്പന്‍ പ്രകടനം. ന്യൂയോര്‍ക് നഗരത്തില്‍ മാത്രം 15000 ത്തോളം പേരാണ് പ്രകടനത്തില്‍ അണിനിരന്നത്. കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളര്‍ ആക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
രാജ്യത്തെ 230 ഓളം നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഫാസ്റ്റ്ഫുഡ്, കെട്ടിട നിര്‍മാണം, വിമാനത്താവളം, ശിശുപരിപാലനം തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളും വിദ്യാര്‍ഥികളും പങ്കെടുത്തു. മെച്ചപ്പെട്ട ജീവിത നിലവാരവും ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവുമായിരുന്നു സമരക്കാരുടെ മുദ്രാവാക്യങ്ങള്‍.
നിലവില്‍ ന്യൂയോര്‍ക്കില്‍ മണിക്കൂറില്‍ 8.75 ഡോളറാണ് കുറഞ്ഞ വേതനം. ഇത് 2016 ല്‍ ഒമ്പത് ഡോളറായാണ് ഉയരുക. യുഎസിലെ മൊത്തത്തിലുള്ള കുറഞ്ഞ വേതനം മണിക്കൂറിന് 7.25 ഡോളറാണ്. വാടക നിരക്കുകളും ബില്ലുകളും കുത്തനെ ഉയര്‍ന്നിരിക്കെ ഇത് വളരെ കുറവാണെന്നാണ് തൊഴിലാളികളുടെ വാദം.
ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ വേതനത്തെക്കാള്‍ ഒരു ഡോളര്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് മക്ഡൊണാള്‍ഡ് പ്രഖ്യാപിച്ചിരുന്നു. കമ്പനി നേരിട്ട് നടത്തുന്ന റസ്റ്റാറന്റുകളിലെ 90,000 ത്തോളം ജീവനക്കാര്‍ക്കാണ് ഇതു പ്രയോജനം ചെയ്യുക. എന്നാല്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്ന റസ്റ്റോറന്റുകളിലെ ജീവനക്കാര്‍ക്ക് ഈ പ്രയോജനം ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല