സ്വന്തം ലേഖകന്‍: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പ്രേതങ്ങള്‍ കാന്ഡ സന്ദര്‍ശനത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി വാങ്കൂവറിലെത്തിയെ മോദിക്കു മുമ്പില്‍ ഒരു സംഘം ഇന്ത്യന്‍ വംശജര്‍ പ്രതിഷേധവുമായെത്തി.
കഴിഞ്ഞ ദിവസം കാനഡയിലെ ഏറ്റവും പുരാതനമായ വാങ്കൂവറിലെ ഗുരുദ്വാരയിലും ക്ഷേത്രത്തിലും സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം പ്രകടനക്കാര്‍ മോദിയെ വരവേറ്റത്.
റോസ് സ്ട്രീറ്റ് ഗുരുദ്വാര, സറെയിലെ ലക്ഷ്മിനാരായണ് ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒരു സംഘം മതേതരത്വം, 2002 ലെ ഗുജറാത്ത് കലാപം തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയത്. കാളക്കൊമ്പുകള്‍ കൈയ്യിലേന്തിയായിരുന്നു മിക്കവരുടെയും പ്രകടനം. അഞ്ഞൂറോളം പ്രകടനക്കാര്‍ കനത്ത പൊലീസ് സന്നാഹത്തിനിടയില്‍ തികച്ചും സമാധാനപരമായാണ് പ്രകടനം നടത്തിയത്.
പ്രകടനത്തില്‍ ‘മോദി തിരിച്ചു പോവുക’ എന്നും ചിലര്‍ മുദ്രാവാക്യം മുഴക്കി. പ്രകടനക്കാരില് ചിലര്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറുടെ സാന്നിദ്ധ്യത്തില്‍ കാനഡയുടെ പുതിയ ഭീകരവിരുദ്ധ നിയമത്തിനെതിരെയും പ്രതിഷേധിച്ചു. ഭീകരത തടയാന്‍ പൊലീസ് സേനയ്ക്കും സുരക്ഷാസേനയ്ക്കും പ്രത്യേക അധികാരം നല്കുന്ന നിയമം നേരത്തെ വിവാദമായിരുന്നു.
ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തിയ മോദി 1914 ല്‍ നൂറുകണക്കിന് സിഖുകാരെ കാനഡയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയ കോമഗാഥ മാരു സംഭവത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഇന്ന് കാനഡയുടെ സമ്പദ്വ്യവസ്ഥയുടെ വികസനത്തില്‍ പ്രധാന പങ്കാളികളാവാന്‍ സിഖുകാര്‍ക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സുപ്രധാനമായ കരാറുകളും ധാരണയായ മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിലെ ഏക കല്ലുകടിയായി മാറിയിരിക്കുകയാണ് വാങ്കൂവറിലെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല