സ്വന്തം ലേഖകന്‍: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍ അഡോല്‍ഫിന്റെ ജാമ്യാപേക്ഷയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി കെലാം പാഷ നിരസിച്ചത്.
കേസില്‍ അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. ഇതുവരെ നൂറുകോടിയിലേറെ രൂപയാണ് നഴ്സിംഗ് വിദ്യാര്‍ഥികളില്‍ നിന്ന് റിക്രൂട്ട്മെന്റ് ഏജന്‍സി തട്ടിയെടുത്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ അത് സിബിഐ അന്വേഷണത്തിന് തടസം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നേരത്തേ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സിബിഐ ബോധിപ്പിച്ചിരുന്നു.
ഹാജരാക്കിയ രേഖകളില്‍നിന്ന് പ്രതി വളരെ ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. രണ്ടാഴ്ച മുമ്പാണ് അല്‍ സറാഫാ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിയ വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഒത്താശയോടെ 19,500 രൂപ ഈടാക്കി കുവൈത്തിലേക്ക് നഴ്സുമാരെ അയക്കേണ്ട റിക്രൂട്ട്മെന്റ് ഏജന്‍സി ഇതിന്ന്റെ നൂറിരട്ടി വാങ്ങി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നാണ് സിബിഐ കണ്ടത്തെിയത്. കേസിലെ രണ്ടാം പ്രതിയായ സ്ഥാപന ഉടമ ഉതുപ്പ് വര്‍ഗീസുമായി അഡോല്‍ഫ് ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടത്തെി.
വിദേശ തൊഴിലന്വേഷകരെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ചൂഷണം നടക്കുന്നതായി പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല