ഒന്നാം ലോകമഹാ യുദ്ധ സ്മാരകത്തിന് നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ഭീകരസംഘടന നടത്താന്‍ പദ്ധതിയിട്ട ഭീകരാക്രമണം ഓസ്ട്രേലിയന്‍ പൊലീസ് തകര്‍ത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് കൗമാരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 18 വയസ്സുള്ള ഒരാള്‍ക്കെതിരെ ടെററിസം ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മെല്‍ബണില്‍ അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന അന്‍സാക് മെമ്മോറിയല്‍ ഇവന്റിന് നേര്‍ക്ക് ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ഭീകരാക്രമണ പദ്ധതിയുടെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് 200 ഓളം പേരടങ്ങുന്ന പൊലീസ് സംഘമാണ് കൗണ്ടര്‍ ടെററിസം ഓപ്പറേഷനില്‍ പങ്കെടുത്തത്.
നിലവില്‍ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് പ്രചോദനം ഉള്ക്കൊണ്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേരില്‍ ഒരാളെ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി. ഒരാള്‍ക്കെതിരെ കൂടി ഭീകരവിരുദ്ധ നിയമം ചുമത്തിയേക്കുമെന്നാണ് സൂചന. മൂന്നാമനെതിരെ ചുമത്തിയിരിക്കുന്നത് ആയുധ കുറ്റമാണ്.
കഴിഞ്ഞ സെപ്തംബറില്‍ രണ്ടു പൊലീസുകാരെ കുത്തി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് വെടിവെച്ച് കൊന്ന അബ്ദുള്‍ നുമാന് ഹൈദറിന്റെ അനുയായികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നവരെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല