സ്വന്തം ലേഖകന്‍: സൗദി സഖ്യസേനയും ഹൗതി വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ യെമനില്‍ നിന്ന് ഇന്ത്യാക്കാരേയും വഹിച്ചു കൊണ്ടുള്ള അവസാന രണ്ട് കപ്പലുകളും കൊച്ചിയിലെത്തി. എംവി കവരത്തി, എംവി കോറല്‍ എന്നീ കപ്പലുകളാണ് യെമനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ഓടെ കൊച്ചി തുറമുഖത്ത് എത്തിയത്.
73 ഇന്ത്യക്കാര്‍, 337 ബംഗ്ലാദേശുകാര്‍ എന്നിവരെ കൂടാതെ 65 യെമന്‍ പൗരന്മാരും കപ്പലിലുണ്ട്. ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കപ്പലില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യാക്കാരില്‍ 16 പേര് മലയാളികളും ബാക്കിയുള്ളവര്‍ ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്.
കേരളത്തിനു പുറത്തു നിന്നുള്ള ഇന്ത്യക്കാരെ സ്വദേശത്തെത്തിക്കാന് റയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചിട്ടുണ്ട്. മലയാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് നല്കി വീടുകളില്‍ എത്തിക്കും. ബംഗ്ലാദേശികളെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളിലായി ബംഗ്ലാദേശിലേക്ക് കൊണ്ടുപോകും.
കൊച്ചി തുറമുഖത്ത് കൊച്ചി തഹസില്‍ദാറും വിമാനത്താവളത്തില്‍ ആലുവ
തഹസില്‍ദാറുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
നാട്ടിലെത്തുന്ന ഇന്ത്യാക്കാര്‍ക്ക് നോര്‍ക്ക 2000 രൂപ വീതവും നല്‍കുന്നുണ്ട്. ഒപ്പം ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 12 നാണ് 475 യാത്രക്കാരുമായി എംവി കോറല്‍, എംവി കവരത്തി എന്നീ കപ്പലുകള്‍ ജിബൂത്തിയില്‍ നിന്ന് യാത്രതിരിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ സുരക്ഷാ വലയത്തിലായിരുന്നു കപ്പലുകളുടെ യാത്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല