സ്വന്തം ലേഖകന്‍: ഉക്രൈനില്‍ മുന്‍ സോവിയറ്റ് യൂണിയന് നേതാവ് ലെനിന്റെ പ്രതിമകള്‍ കണ്ടാല്‍ നാട്ടുകാര്‍ക്ക് ഹാലിളകും എന്നതാണ് അവസ്ഥ. അടുത്ത കാലത്തായി നാട്ടുകാര്‍ പൊതുസ്ഥലങ്ങലില്‍ സ്ഥാപിച്ച ലെനിന് പ്രതിമകള്‍ തകര്‍ക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മിക്ക പ്രതിമകളും ഉക്രൈയിന്റെ പഴയ സോവിയറ്റ് കാലത്തിന്റെ അവശേഷിപ്പുകളാണ്. സോവിയറ്റ് ഭരണകാലത്ത് മുക്കിലും മൂലയിലും ലെനിലും സ്റ്റാലിനും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിന്റെ ബഹളമായിരുന്നു.
കമ്യൂണിസ്റ്റ്, നാസി ചിഹ്നങ്ങള്‍ നിയമ വിരുദ്ധമാക്കിക്കൊണ്ട് ഉക്രൈന് പാര്‍ലമെന്റ് ബില്‍ പാസാക്കിയിരുന്നു. പ്രസിഡന്റ് പൊരോഷെങ്കോ ഇതുവരെ ബില്ലില്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും ബില്‍ പാസായതോടെ പലയിടത്തും ജനങ്ങള്‍ ലെനിന് പ്രതിമകള്‍ തകര്‍ത്തു തുടങ്ങി.
കിഴക്കന്‍ ഉക്രൈനിലെ കാര്ക്കിവി സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ രണ്ടു യൂണിവേഴ്സിറ്റികളില്‍ സ്ഥാപിച്ചിരുന്ന ലെനിന് പ്രതിമകള്‍ ഒരു സംഘം മുഖംമൂടികള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഒരു പ്രതിമയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം വലിച്ചു താഴെയിടുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിക്കുകയും ചെയ്തു.
ലുഹാന്‍സ്ക് മേഖലയിലെ ഒരു ഗ്രാമത്തില്‍ നാട്ടുകാര്‍ ലെനിന് പ്രതിമയില്‍. മഞ്ഞ, നീല നിറങ്ങള്‍ അടിച്ച് വികൃതമാക്കി. പിന്നീട് പ്രതിമ വലിച്ചു താഴെയിടുകയും ചെയ്തു. ഡൊണെട്സ്ക് മേഖലയിലും ലെനിന് പ്രതിമ അജ്ഞാതര്‍ തകര്‍ത്തു.
അതേസമയം വിഘടനവാദികള്‍ക്കു മേല്‍ക്കൈയുള്ള നോവോസോവ്സ്ക് പട്ടണത്തില്‍ നാട്ടുകാര്‍ തകര്‍ത്ത ലെനിന് പ്രതിമ റഷ്യന്‍ അനുകൂലികള്‍ പുനഃസ്ഥാപിച്ചതായും വാര്‍ത്തയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല