മുപ്പതോളം വരുന്ന എത്യോപ്യക്കാരായ ക്രിസ്ത്യാനികളുടെ കഴുത്ത് അറുക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടു. ലിബിയയിലെ കടല്‍ത്തീരത്ത് വെച്ച് ഷൂട്ട് ചെയ്ത വീഡിയോയാണിത്. നേരത്തെയും ഇതേസ്ഥലത്തുവെച്ച് തന്നെ ബന്ദികളുടെ കഴുത്തറുക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 29 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐഎസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അണ്ടില് ഇറ്റ് കെയിം ടൂ ദെം – ദ് ക്ലിയര്‍ എവിഡെന്‍സ് എന്നാണ് വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന ശീര്‍ഷകം. ഇത് രണ്ടാം തവണയാണ് കുരിശിന്റെ അനുയായികള്‍ എന്ന് അധിക്ഷേപിച്ചു കൊണ്ട് മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൊന്നു തള്ളുന്നത്. ലിബിയയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഇറ്റലിയിലേക്ക് കയറിക്കൂടി യൂറോപ്പിലേക്കും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ഐഎസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
മുന്‍ വീഡിയോകളില്‍ ഉള്ളതുപോലെ തന്നെ ബന്ദികളെ ഗ്വാണ്ടനാമോ തടവറയിലെ ഓറഞ്ച് യൂണിഫോമിന് സമാനമായ വസ്ത്രം ധരിപ്പിച്ച് മുട്ടുകുത്തിച്ചു നിര്‍ത്തിയാണ് കൊലപാതകം നടത്തുന്നത്. ക്രിസ്ത്യാനികള്‍ മതം മാറി മുസ്ലീമായില്ലെങ്കില്‍ എല്ലാവരെയും കൊല്ലുമെന്നുള്ള ഭീഷണിയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്നുണ്ട്.
ക്രിസ്ത്യാനികള്‍ കൂടുതലായുള്ള രാജ്യമാണ് എത്യോപ്യ. ക്രിസ്ത്യന്‍ രാജ്യങ്ങളുടെ നിരയില്‍ ഏറ്റവും കാലപ്പഴക്കം അവകാശപ്പെടാനാകുന്ന രാജ്യവും എത്യോപ്യയാണ്. ഏറ്റവും പഴക്കം ചെന്ന ഓര്‍ഗനൈസ്ഡ് ചര്‍ച്ച് എന്ന് അറിയപ്പെടുന്നത് എത്യോപ്യയിലെ ഓര്‍ത്തഡോക്സ് ടെവാഹെഡോ ചര്‍ച്ചാണ്.
ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നവര് എപ്പോഴാണ് ഐഎസ് പിടിയില്‍ അകപ്പെട്ടിരിക്കുന്ന കാര്യം വ്യക്തമല്ലെങ്കില്‍ കുടിയേറ്റക്കാരായ തൊഴിലാളികളാണ് ഇവരെന്നാണ് ഡെയിലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല