മെഡിറ്ററേനിയന്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ അപകടത്തില്‍ പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ കഥ തുടരുകയാണ്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാത്രി ലിബിയയുടെ തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന എഴുന്നൂറ് അനധികൃത കുറ്റിയേറ്റക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ കയറിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിന് താങ്ങാവുന്നതിലും ഇരട്ടി ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിനു കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഊഹിക്കുന്നു. ഇറ്റലിയുടെ തെക്കന്‍ തീരത്തിന് 120 മൈല്‍ അകലെ ലാംപെഡൂസയില്‍ വച്ചാണ് ബോട്ട് മറിഞ്ഞത്.
യാത്രക്കിടെ മറ്റൊരു കപ്പല്‍ കണ്ടതിനെ തുടര്‍ന്ന് ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടി യാത്രക്കാര്‍ ബോട്ടിന്റെ ഒരു വശത്തേക്ക് പെട്ടെന്ന് മാറിയതാണ് ബോട്ട് മറിയാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ പലരും വ്യത്യസ്തമായ വിവരണങ്ങളാണ് നല്‍കുന്നത്.
ബോട്ട് നിയന്ത്രിച്ചിരുന്നത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാരാണെന്ന് സ്ഥിരിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് കുടിയേറ്റക്കാരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാത്ത വിധം ബോട്ടിന്റെ അടിത്തട്ടില്‍ പൂട്ടിയിട്ടിരുന്നതായി രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെളിപ്പെടുത്തി. കൂടാതെ ബോട്ടില്‍ 950 പേര് ഉണ്ടായിരുന്നുവെന്നും മറ്റൊരാള്‍ അവകാശപ്പെട്ടു.
മെഡറ്ററേനിയനില് അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകളും മനുഷ്യക്കടത്തുകാരുടെ വിളയാട്ടവും അപകടങ്ങളും സ്ഥിരമായതോടെ കുടിയേറ്റത്തെ സംബന്ധിച്ച ശക്തമായ തീരുമാനം എടുക്കാന്‍ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. മനുഷ്യക്കടത്തുകാരുടെ പ്രധാന താവളമായ ലിബിയയിലെ രാഷ്ട്രീയ അസ്ഥിരതയും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല