സ്വന്തം ലേഖകന്‍: ഭക്ഷണം കഴിച്ച് ബില്ലു കൊടുക്കാന്‍ പണമില്ലാതെ പ്ലേറ്റില്‍ പാറ്റയെ ഇട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഏവരേയും ചിരിപ്പിച്ച മലയാള സിനിമയിലെ ഒരു രംഗമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡില്‍ കാര്യങ്ങള്‍ കുറച്ച് ഗുരുതരമാണ്. പ്രത്യേകിച്ചും പാറ്റയെ കിട്ടിയത് ഫാസ്റ്റ് ഫുഡിന്റെ കാര്യത്തില്‍ ലോക രാജാക്കന്മാരായ മക്ഡൊണാള്‍ഡ്സ് വിറ്റ ഒരു ഹാംബര്‍ഗറില്‍ നിന്നാകുമ്പോള്‍.
ന്യൂസിലന്‍ഡുകാരിയായ അന്ന സോഫിയ എന്ന യുവതിയാണ് താന്‍ വാങ്ങിയ ഒരു മക്ഡൊണാള്‍ഡ്സ് ഹാംബര്‍ഗറില്‍ പാതി ജീര്‍ണിച്ച ഒരു പാറ്റയെ കിട്ടിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ശനിയാഴ്ച രാത്രിയാണ് അന്ന ബിഗ് മാക് എന്ന ഹാംബര്‍ഗര്‍ വാങ്ങി വീട്ടിലേക്ക് പോകും വഴി കഴിച്ചു തുടങ്ങിയത്.
എന്നാല്‍ പാതി കഴിച്ചു തീരും മുമ്പെ പാറ്റയെ കണ്ടെത്തുകയായിരുന്നു എന്ന് 26 കാരിയായ ഈ മേക്ക് അപ് ആര്‍ട്ടിസ്റ്റ് പറയുന്നു. എന്നാല്‍ പാറ്റയാണെന്ന് മനസിലാക്കാതെ താന്‍ ഒരല്പം അകത്താക്കുകയും ചെയ്തെന്ന് അന്ന വെളിപ്പെടുത്തി.
തുടര്‍ന്ന് റസ്റ്റോറന്റില്‍ പരാതിപ്പെടുന്നതിനു പകരം പാറ്റയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണ് അന്ന ചെയ്തത്. തുടര്‍ന്ന് ചിത്രങ്ങള്‍ വൈറലാകുകയും വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സംഭവം വിവാദമായതോടെ ബ്ലെന്‍ഹെയിം പട്ടണത്തിലെ അന്ന ഹാംബര്‍ഗര്‍ വാങ്ങിയ മക്ഡൊണാള്‍ഡ് ഫ്രാഞ്ചൈസി നടത്തിപ്പുകാര്‍ അന്നയുമായി ബന്ധപ്പെട്ടു. കൂടുതല്‍ പരിശോധനകള്ക്കാണെന്ന ന്യായത്തില്‍ ഹാംബര്‍ഗറും പാറ്റയും അവര്‍ കൊണ്ടു പോകുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ റസ്റ്റോറന്റില്‍ പരിശോധന നടത്തിയെങ്കിലും പാറ്റകളെ കണ്ടെത്താനായില്ല. തന്നെ പാറ്റ തീറ്റിച്ച മക്ഡോണാള്‍ഡ്സിനെ ഒരു പാഠം പഠിപ്പിക്കുമെന്നുതന്നെയാണ് അന്നയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല