സ്വന്തം ലേഖകന്‍: കഴിഞ്ഞ മാര്‍ച്ച് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്കെതിരായ ആക്രമണ പരമ്പരകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30 ന് ഡര്‍ബനിലാണ് വിദേശികള്‍ കെട്ടുംകെട്ടി ദക്ഷിണാഫ്രിക്ക വിടണമെന്ന് ആഹ്വാനവുമായി ആക്രമണ പരമ്പരകളുടെ തുടക്കം. അതേസമയം ദക്ഷിണാഫ്രിക്ക എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും വിദേശികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ പ്രബലരായ സുലു വംശത്തിന്റെ രാജാവ് ഗുഡ്വില് സ്വെലിത്തിനി ആവശ്യപ്പെട്ടു.
നേരത്തെ മാര്‍ച്ചിലെ വിദേശ വിരുദ്ധ പ്രക്ഷോഭത്തിന് തിരി കൊളുത്തിയത് സ്വെലിത്തിനിയുടെ വംശീയത നിറഞ്ഞ ചില പരാമര്‍ശങ്ങളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിദേശികള്‍ കെട്ടും കിടക്കയുമെടുത്ത് സ്ഥലം വിടണമെന്ന് സ്വെലിത്തിനി പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു എന്ന് സ്വെലിത്തിനി വ്യക്തമാക്കി. ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമായി തന്നെ ഉയര്‍ത്തിക്കാട്ടുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ തങ്ങുന്ന ഓരോ വിദേശിയും സുരക്ഷിതനാണെന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹം സുലു വംശജരോട് ആഹ്വാനം ചെയ്തു. ഒപ്പം താന്‍ നടത്തിയെന്നു പറയപ്പെടുന്ന വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ വേണ്ടി വന്നാല്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും സ്വെലിത്തിനി വ്യക്തമാക്കി.
മാര്‍ച്ച് 30 ന് ഡര്‍ബനിലെ വിദേശികളുടെ കടകള്‍ കൊള്ളയടിച്ചു കൊണ്ട് തുടങ്ങിയ ആക്രമണ പരമ്പര ഇതുവരെ പത്തു പേരുടെ ജീവന് അപഹരിക്കുകയും ഏതാണ്ട് ആയിരം പേരെ ഭവന രഹിതരാക്കുകയും ചെയ്തു. ഡര്‍ബനിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെങ്കിലും ആക്രമം പതിയെ ജോഹന്നാസ്ബര്‍ഗിലേക്കും ദക്ഷിണാഫ്രിക്കന്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല