സ്വന്തം ലേഖകന്‍: നിലവിലുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരസ്പര സമ്മതോടെയുള്ള വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് ക്രിസ്ത്യന്‍ ദമ്പതികള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു താമസിക്കണമെന്ന് നിലവിലുള്ള നിയമത്തെ വ്യവസ്ഥയെ കുറിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.
രാജ്യത്തെ മറ്റു വിഭാഗങ്ങള്‍ക്കെല്ലാം ഈ കാലാവധി ഒരു വര്‍ഷം ആയിരിക്കെ, ക്രിസ്ത്യാനികള്‍ക്കു മാത്രം അത് രണ്ടു വര്‍ഷം ആയിരിക്കുന്നതിന്റെ പൊരുത്തക്കേട് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എത്രയും വേഗം ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍, ജസ്റ്റിസ് എഎം സാപ്രെ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിവോര്‍സ് നിയമത്തിലെ 10 എ 1 സെക്ഷന്‍ പ്രകാരമാണ് ക്രിസ്ത്യന്‍ ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിക്കേണ്ടത്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചന ഹര്‍ജി നല്‍കും മുമ്പ് ദമ്പതികള്‍ രണ്ടു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു താമസിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
ഡിവോര്‍സ് സംബന്ധിച്ച മറ്റു നിയമങ്ങളിലും സമുദായങ്ങളിലും ഒരു വര്‍ഷമാണ് ദമ്പതിമാര്‍ വേര്‍പിരിഞ്ഞു ജീവിക്കേണ്ട കാലാവധി. രാജ്യത്തെ മിക്കവാറും എല്ലാ ഹൈക്കോടതികളും ക്രിസ്ത്യന്‍ വിവാഹ മോചനത്തിലെ ഈ വ്യവസ്ഥ ഒരു വര്‍ഷമായി പരിഗണിക്കാന്‍ തുടങ്ങിയിട്ടും സര്‍ക്കാര്‍ ഈ പൊരുത്തക്കേട് കാണാത്തത് എന്താണെന്നും കോടതി ആരാഞ്ഞു.
ഡെല്‍ഹിയില്‍ നിന്നുള്ള ആല്‍ബര്‍ട്ട് ആന്റണിയെന്ന പരാതിക്കാരന്റെ ഹര്ജിയിന്മേല് വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. വേര്‍പിരിഞ്ഞു ജീവിക്കേണ്ട കാലവധിയിലുള്ള ഈ അന്തരം ക്രിസ്ത്യന്‍ സമുദായത്തോടുള്ള വിവേചനമാണെന്നും അത് മതേതരത്വത്തിന് നിരക്കുന്നതല്ലെന്നും പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല