സ്വന്തം ലേഖകന്‍: എതിരാളികളുടെ നട്ടെല്ലിലൂടെ ഭീതിയുടെ മിന്നല്‍ പായിക്കുന്ന ‘ആയോ ഗൂര്‍ഖാലി’ എന്ന ഉച്ചത്തിലുള്ള പോര്‍വിളിയും അറ്റം വളഞ്ഞ ഖുക്രി കത്തിയും പടവെട്ടാന്‍ തുടങ്ങിയിട്ട് 200 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ സേനയുടെ അഭിമാനമായ ലോക പ്രശസ്ത ഗൂര്‍ഖാ റൈഫിള്‍സിന്റെ 200 മത് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.
ഏപ്രില്‍ 24, 1815 ല്‍ അന്നത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള ഒരു ഉരസലിലാണ് ഗൂര്‍ഖാ റൈഫിള്‍സിന്റെ ചരിത്രം തുടങ്ങുന്നത്. തങ്ങളുടെ അധികാര പരിധിയിലായിരുന്നു കുമാവൂണ്‍, കാന്‍ഗ്ര, ഗര്‍വാള്‍ എന്നീ കുന്നിന് പ്രദേശങ്ങള്‍ക്കായി ഗൂര്‍ഖകള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടി.
നേപ്പാളിലെ പ്രിത്വി നരേന് ഷാ ആയിരുന്നു ഗൂര്‍ഖകളുടെ രാജാവ്. പോരാളിയായ ജനറല്‍ അമര്‍സിംഗ് ഥാപയുടെ നേതൃത്വത്തില്‍ കലാപക്കൊടി ഉയര്‍ത്തിയ ഗൂര്‍ഖകള്‍ പക്ഷെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആയുധ ശക്തിക്കു മുന്നില്‍ മുട്ടുമടക്കി.
എന്നാല്‍ പടക്കളത്തിലെ ഗൂര്‍ഖാ സൈനികരുടെ വീറും വാശിയും കണ്ട കണ്ണു മിന്നിയ ബ്രിട്ടീഷുകാര്‍ ജനറല്‍ അമര്‍സിംഗിനെ പട്ടാള ബഹുമതികള്‍ നല്കി വിട്ടയക്കുകയും ഗൂര്‍ഖകളെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാനായി ക്ഷണിക്കുകയും ചെയ്തത് ചരിത്രം.
ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ ഗൂര്‍ഖാ റൈഫിള്‍സ് അഫ്ഗാനിസ്ഥാനിലും, ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങളിലും നടത്തിയ പോരാട്ടങ്ങളിലൂടെ ലോകപ്രശസ്തരായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയും ഈ പോരാളികളെ സൈന്യത്തില്‍ അതു പോലെ നിലനിര്‍ത്തുകയായിരുന്നു.
ഏഴു റജിമെന്റുകളിലായി 30,000 നേപ്പാളി ഗൂര്‍ഖകളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോഴുള്ളത്. 200 വയസു തികയുന്നത് പ്രമാണിച്ച് വിവിധ ആഘോഷ പരിപാടികളും സൈന്യം ആസൂത്രണം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല