സ്വന്തം ലേഖകന്‍: ഗ്രീന്‍പീസിനു പുറകെ മറ്റൊരു അന്താരാഷ്ട്ര സംഘടന കൂടി വിദേശ ധനസഹായത്തിന്റെ പേരില്‍ പുലിവാലു പിടിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിനു കീഴിലായത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന പണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്ന് വിവിധ എന്‍ജിഒകളിലേക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം കഴിഞ്ഞ കുറച്ചു മാസങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.
ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. നേരത്തെ സന്നദ്ധ പ്രവര്‍ത്തകയായ തീസ്ത സെതല്‍വാദ് നടത്തുന്ന സര്‍ക്കാര്‍ ഇതര സംഘടന വഴി ഫോര്‍ഡ് ഫൗണ്ടേഷന്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണെന്നും കേന്ദ്രത്തോട് ഗുജറാത്ത് സര്‍ക്കാര്‍ പരാതിപ്പെട്ടിരുന്നു.
ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും രാജ്യത്തെ ഏതെങ്കിലും വ്യക്തിയുടെയോ, എന്‍ജിഒയുടേയോ, മറ്റ് സംഘടനകളുടേയോ അക്കൗണ്ടുകളിലേക്ക് എത്തുന്ന പണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് വിവിധ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ റിസര്‍വ് ബാങ്കിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.
മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ പണം സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ പാടുള്ളു. അതേസമയം, സര്‍ക്കാര്‍ സംഘടനകള്‍ക്ക് ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ധനസഹായം സ്വീകരിക്കണമെങ്കില്‍ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല