ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ .80 ഗ്രാമങ്ങളിലായി 40,000 ത്തില്പരം പേരാണ് കുടിവെള്ളം പോലുമില്ലാതെ വലയുന്നത്. എട്ടു ദിവസമായി ഇവിടെ ജലക്ഷാമം തുടങ്ങിയിട്ട്.
ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ഫാസ്റ്റ് സിറ്റി കൗണ്‍സില്‍ എമര്‍ജെന്‍സി കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. 0800 707 6965 ആണ് നമ്പര്‍ .
മഞ്ഞുറഞ്ഞ് പൈപ്പുകളില്‍ പലേടത്തും ചോര്‍ച്ചയുണ്ടായതാണ് ജലവിതരണം തകരാറിലാവാന്‍ കാരണം. തികച്ചും അപ്രതീക്ഷിതവും മുന്‍കാലത്ത് ഉണ്ടാവാത്തതുമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്ന് എന്‍ ഐ വാട്ടേഴ്സ് കസ്റ്റമര്‍ സര്‍വീസസ് വിഭാഗം മേധാവി ലിയാം മുള്‍ഹോളണ്ട് പറഞ്ഞു.
അധികൃതരുടെ അനാസ്ഥയില്‍ ജനം ക്ഷുഭിതരാണ്. കുളിക്കാനോ തുണി അലക്കാനോ ഒന്നും കഴിയാതെ ദിവസങ്ങളായി വലയുന്ന ജനത്തോട് അധികൃതര്‍ക്ക് പറയാനുള്ളത് ഇനിയും ദിവസങ്ങള്‍ ക്ഷമിക്കണമെന്നുമാത്രമാണ്. ടോയ്ലറ്റുകള് ഫ്ളഷ് ചെയ്യാന്‍ പോലുമാവാതെ ദുര്‍ഗന്ധം വമിക്കുകയാണ് പല വീടുകളിലും. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുമെന്ന് ജനം ഭയക്കുന്നു.
വെള്ളത്തിനായി പലേടത്തും ആളുകള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. വൃദ്ധര്‍ മാത്രമുള്ള വീടുകളില്‍ ഒന്നിനുമാവാതെ വിഷമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല