സ്വന്തം ലേഖകന്‍: നടന്നു പഠിക്കുന്ന കുട്ടികളെ ഒരിടത്തിരുന്നു പഠിക്കെന്നു പറഞ്ഞ് ചീത്ത പറയാന്‍ വരട്ടെ. നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ഇരുന്നു പഠിക്കുന്ന കുട്ടികളെക്കാള്‍ ശ്രദ്ധ കൂടുമെന്ന് പഠനം. ഇതിനാല്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡിംഗ് ഡെസ്ക് നല്‍കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.
ടെക്സസിലെ എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസോഷ്യേറ്റ് പ്രഫസര്‍ മാര്‍ക് ബെന്ഡനാണ് പുതിയ പഠന ഫലവുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ അവസാനമാണ് ബെന്‍ഡന്‍ ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയരമുള്ള ഡെസ്കും ഇരിക്കാന്‍ സ്റ്റൂളും ഉള്‍പ്പെടുന്നതാണ് സ്റ്റാന്‍ഡിങ് ഡെസ്ക്. കുട്ടികള്‍ക്ക് എഴുന്നേറ്റുനിന്നു പഠിക്കാം, വേണമെങ്കില്‍ ഇടയ്ക്ക് അല്പ നേരം സ്റ്റൂളില്‍ ഇരിക്കുകയുമാവാം.
നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ 12 ശതമാനം കൂടുതല്‍ കര്‍മശേഷി കിട്ടുന്നു. ഓരോ മണിക്കൂറിലും ഏഴു മിനിറ്റ് കൂടുതല്‍ പഠിപ്പിക്കുന്നതിനു തുല്യമാണിത്. നാലാം ക്ലാസിലെ മുന്നൂറോളം കുട്ടികളിലാണു ബെന്‍ഡന്‍ തന്റെ പഠനം നടത്തിയത്.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, അതിനായി കൈയുയര്‍ത്തുക, മറ്റു ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുക തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് നിഗമനം. ഇപ്പോഴത്തെ ഇരുന്നു പഠിക്കാനുള്ള ബെഞ്ചും ഡെസ്കും പൊണ്ണത്തടി, സമ്മര്‍ദം, നട്ടെല്ലിനുള്ള വിഷമതകള്‍ എന്നിവയ്ക്കു കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിന്നു പഠിക്കുമ്പോള്‍ 15 ശതമാനം കലോറി അധികം ചെലവാകുന്നതിനാല്‍ വണ്ണം കുറയുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല