സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ചെലവു കുറഞ്ഞ ആകാശ യാത്രയെന്ന സൗകര്യം അവതരിപ്പിച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന് പത്തു വയസു തികയുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ഭാഗ്യവാന്മാര്ക്ക് കമ്പനി സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കും.
ബുധനാഴ്ച മുതല്‍ മെയ് എട്ട് വരെയുള്ള സമയത്ത് യാത്ര ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 ഭാഗ്യവാന്മാരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വിമാനയാത്രക്കിടയില്‍ തന്നെ പ്രഖ്യാപിക്കും. ഇവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ് പരിധിയിലുള്ള ഏത് സ്ഥലത്തേക്കും പോയി വരുന്നതിനുള്ള രാജ്യാന്തര യാത്രാ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും.
മെയ് 31 വരെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരുടെ സൗജന്യ ബാഗേജ് പരിധി 30 കിലോയായി കൂട്ടിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ അറിയിച്ചിരുനു. പുതിയ ബുക്കിങ്ങുകള്‍ക്ക് പുറമെ മുമ്പ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ അനാഥാലയങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികള്‍ക്ക് മെയ് ആറിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഹാങ്ങറില്‍ വിമാനം കാണാന്‍ അവസരം ഒരുക്കും.
10 വര്‍ഷം മുമ്പ്, മൂന്ന് വാടക വിമാനങ്ങളുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലെ ആറ് കേന്ദ്രങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന് നിലവില്‍ രാജ്യത്തെ 11 നഗരങ്ങളില്‍ നിന്ന് 12 രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. 17 ആധുനിക ബോയിങ്ങ് 737 800 എന്‍ജി വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമായുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല