1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: മെയ് ഒന്നു മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നതിന് പിന്നാലെ സ്വകാര്യ റിക്രൂട്ടിങ്ങ് ഏകന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. 1983 ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കുക.

ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് അവയുടെ സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശയുണ്ട്. എംകെ ട്രാവല്‍സ്, പാന്‍ ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, എംടി ട്രാവല്‍സ്, ഹൈസ്പീഡ് ട്രാവല്‍സ്, ഹഫീസ് ട്രാവല്‍സ്, ഫോറിന്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബാലാജി എന്റര്‍പ്രൈസസ്, രാജസ്ഥാന്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ്‌ലിങ്ക്, റിക്കി ഇന്റര്‍നാഷണല്‍, സാഗര്‍ എന്റര്‍പ്രൈസസ് തുടങ്ങി വിദേശകാര്യ മന്ത്രാലയം കരിമ്പട്ടികയില്‍പെടുത്തിയ സ്ഥാപനങ്ങള്‍ ഇപ്പോഴും റിക്രൂട്ട്‌മെന്റ് രംഗത്തു സജീവമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മേയ് ഒന്നുമുതല്‍ വിദേശ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാകുന്നതിനാല്‍ സ്വകാര്യ ഏജന്‍സികളോടു റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവു വകവക്കാതെ കൊച്ചിയിലെ പല ഏജന്‍സികളും റിക്രൂട്ട്‌മെന്റ് നടത്തി. തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പാലാരിവട്ടത്തെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സിയില്‍നിന്ന് ഒന്നരക്കോടി രൂപ പിടികൂടി.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയ അല്‍സറഫ ഏജന്‍സിക്കെതിരായ സിബിഐ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. മാത്യു ഇന്റര്‍നാഷണലിനെതിരേയും സിബിഐ അന്വേഷണം തുടങ്ങി.

ആയിരക്കണക്കിനു നഴ്‌സിങ് ഉദ്യോഗാര്‍ഥികളാണു സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു കഴിഞ്ഞ മാസം അഡ്വാന്‍സായി പണം നല്‍കി നിയമന അറിയിപ്പും കാത്തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും രസീതോ മറ്റു രേഖകളോ ലഭിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.