1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015


അജിമോന്‍ ഇടക്കര

നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും ഉള്ള ഉദ്യമത്തില്‍ ഫോബ്മയും പങ്കാളിയാവുന്നു. നേപ്പാളിലെ അഗതികളായ സഹോദരങ്ങള്‍ക്കുള്ള വസ്ത്രങ്ങളും അവശ്യവസ്തുക്കളും യൂക്കെ മലയാളികളില്‍ നിന്ന് ശേഖരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫോബ്മ തുടക്കം ഇട്ടു കഴിഞ്ഞു. ജെറ്റ് എയര്‍വേയ്‌സ് ഇവിടെ നിന്ന് ശേഖരിക്കുന്ന സാധങ്ങള്‍ സൗജന്യമായി നേപ്പാളില്‍ എത്തിക്കുവാന്‍ സമ്മതിച്ചിട്ടുണ്ട്. യൂക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി മത രാഷ്ട്രീയ സംഘടന വിവേചനം കൂടാതെ ഉപയോഗ യോഗ്യമായ പഴയതും പുതിയതും ആയ വസ്ത്രങ്ങളും പുതപ്പുകളും ഡ്യൂവെറ്റുകളും ഫസ്റ്റ് എയിഡ് കിറ്റുകളും മറ്റും ശേഖരിച്ച് കൃത്യമായ് പാക്ക് ചെയ്ത് നേപ്പാള്‍ ദുരന്ത നിവാരണ സമിതികളുമായി സഹകരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ശ്രമകരമായ പദ്ധതിയാണ് ഫോബ്മയുടെ നേതൃത്വത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സദുദ്യമത്തിലേയ്ക്കു യൂക്കെയിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു ഫോബ്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഉമ്മന്‍ ഐസക്, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഈ ജീവകാരുണ്യ പ്രവര്‍ത്തനം അംഗ അസ്സോസിയേഷനുകളുടെയും റീജിയണല്‍ കമ്മിറ്റികളുടെയും സഹായത്തോടെ പത്തു ദിവസം കൊണ്ടു പൂര്‍ത്തിയാക്കുവാനാണു പ്ലാന്‍ ചെയ്തിരിക്കുന്നത്.

നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സ്, സൌത്ത് എന്നിങ്ങനെ മൂന്നു ടീമുകള്‍ ആയിട്ടാവും ഫോബ്മ അവശ്യ വസ്തുക്കളുടെ ശേഖരണം നടത്തുക. സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ അടുത്ത വെള്ളിയാഴ്ച (മെയ് 8)ക്ക് മുന്പായി കൊടുക്കുവാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ നിറച്ചു ഫോബ്മ കോര്‍ഡിനേറ്റര്‍മാരേയോ ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം എന്ന ഈ മെയിലിലോ അറിയിക്കുക. പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെ വസ്ത്രങ്ങള്‍ ഇനം തിരിച്ചു പ്രത്യേകം ബോക്‌സുകളിലാക്കി ലേബല്‍ ചെയ്തു ലഭിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. ഇനം തിരിക്കാതെ വരുന്ന വസ്ത്രങ്ങള്‍ കളക്റ്റ് ചെയ്തതിനു ശേഷം ഇനം തിരിച്ചു റീ പാക്ക് ചെയ്തിട്ടാവും കയറി അയയ്ക്കുക. ഒരു പ്രദേശത്തു നിന്നുള്ള ബോക്‌സുകള്‍ ആ സ്ഥലത്തുള്ള കൂട്ടായ്മകളോ അസോസ്സിയേഷനുകളോ വഴി ഒരു സ്ഥലത്ത് ശേഖരിച്ച് അവിടെ നിന്ന് കളക്റ്റ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക കൂട്ടായ്മകളും അസോസിയേഷനുകളും ജാതി മത രാഷ്ട്രീയ സംഘടന വേര്‍തിരിവുകള്‍ കൂടാതെ ഈ അടിയന്തിര സഹായം ആവശ്യമുള്ള അവസരത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകണമെന്ന് അപേക്ഷിക്കുന്നു. ഓരോ സ്ഥലത്തും ശേഖരിച്ചിരിക്കുന്ന ബോക്‌സുകളുടെ എണ്ണം അനുസരിച്ചാവും കളക്ഷന്‍ വാനുകള്‍ അയയ്ക്കുക. അതുകൊണ്ടു അടുത്ത വെള്ളിയാഴ്ച്ചയ്ക്കു മുന്‍പ് തന്നെ ബോക്‌സുകളുടെ എണ്ണം അറിയിച്ച് ശനിയാഴ്ച ഒരിടത്ത് ശേഖരിച്ചെങ്കില്‍ മാത്രമേ അവിടെ നിന്ന് മെയ് 10 ഞായാരാഴ്ച്ച കളക്ഷന്‍ എടുക്കുവാന്‍ സാധിക്കൂ. ബോക്‌സുകള്‍ ശേഖരിക്കുവാന്‍ നമുക്ക് വലിയ വാഹനങ്ങളുടെ ആവശ്യമുണ്ടു. വാന്‍ തുടങ്ങി വലിയ വാഹനങ്ങള്‍ സൗജന്യമായി ഈ സദുദ്യമത്തിനായി വിട്ടുതരുവാന്‍ സന്മനസ്സുള്ളവരുടെയും സഹായം ഇതിലേയ്ക്ക് അത്യാവശ്യമാണ്. ഇതിലേയ്ക്കായി യാതൊരു വിധ പണപ്പിരിവും നടത്തുവാന്‍ ഫോബ്മ ഉദ്ദേശിക്കുന്നില്ലാ. നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാമ്പത്തിക സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ അടക്കം ഉള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

യൂക്കെയുടെ വടക്ക് ഭാഗത്ത് നിന്ന് വസ്ത്ര ശേഖരണം നടത്തുക ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക്കിന്റെ (ഫോണ്‍. 07772324510) നേതൃത്വത്തില്‍ ഉള്ള ടീം ആയിരിക്കും. മിഡ്‌ലാന്‍ഡ്‌സ് പ്രദേശത്തുള്ളവര്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസ് (ഫോണ്‍. 07891676264) ഖജാന്‍ജി ജോസ് കാച്ചപ്പിള്ളി (ഫോണ്‍ 07892703246) , കോര്‍ദിനേറ്റര്‍ ഫോബ്മ കായികവിഭാഗം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് (ഫോണ്‍ . 07728324877), കുട്ടികളുടെ വിഭാഗം കോര്‍ഡിനേറ്റര്‍ അജിമോന്‍ ഇടക്കര (ഗ്ലോസ്റ്റര്‍ ഫോണ്‍ . 07721745515) എന്നിവരില്‍ ആരെയെങ്കിലും വിളിക്കുക . ആംഗ്ലിയ റീജിയണിലെ കളക്ഷന്റെ മേല്‍നോട്ടം ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റി മെമ്പര്‍ മാത്യൂ കുരീക്കല്‍ (ബെഡ്‌ഫോര്‍ഡ് ഫോണ്‍ . 07912450110) ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് അബ്രാഹം മാത്യൂ (ലൂട്ടണ്‍ ഫോണ്‍, 07886591386) റീജിയണല്‍ സെക്രട്ടറി ജോമോന്‍ മാമ്മൂട്ടില്‍ (ബെഡ്‌ഫോര്‍ഡ്: ഫോണ്‍ 07930431445) എന്നിവരടങ്ങുന്ന ടീമിനായിരിക്കും. ലണ്ടന്‍ സൌത്ത് ഈസ്റ്റ് പ്രദേശത്തു നിന്നുള്ള വസ്ത്ര ശേഖരണത്തിന്റെ മേല്‍നോട്ടം ഫോബ്മ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സോണി ജോര്‍ജ് (വോക്കിങ്ങ് ഫോണ്‍ . 07897927209) ജിബി വര്‍ഗീസ് (നോട്ടിംഗ് ഹാം ഫോണ്‍ 07882605030) കമ്മിറ്റി സൌത്ത് ഈസ്റ്റ് റീജിയന്‍ കമ്മീറ്റി സെക്രടറി ജിജോ അരയത്ത് (ഹേ വാഡ് ഹീത്ത് ഫോണ്‍ . 07403158044) എന്നിവര്‍ നയിക്കുന്ന ടീീമിനായിരിക്കും.

യൂക്കെയിലെ നേപ്പാളി കമ്മ്യൂണിറ്റികളുമായി കൂടി സഹകരിച്ചുകൊണ്ടാണു ഫോബ്മ ഈ മഹത്തായ ജീവകാരുണ്യ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും ആ രാജ്യം ഏതാണ്ട് മുഴുവനായി തന്നെ താറു മാറാകുകയും ചെയ്തു. ഇന്ത്യയും ചൈനയും അടക്കം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഒരൊറ്റ മനസ്സോടെ നേപ്പാളിനെ ഓര്‍ത്ത് കണ്ണീരോടെ സഹായങ്ങളുമായി ഓടിയെത്തുന്നുണ്ടു. സാമൂഹ്യ പ്രതിബദ്ധതയും പരസ്പര സാഹോദര്യവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് ആവുക എന്നതായിരിക്കട്ടെ നമ്മുടെ ഇടയിലെ സംഘടനകളുടെ പ്രഥമ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.