സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്ക്കാര ജേതാവുമായ മലാല യൂസഫ്സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് പേരെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാന് താലിബാനിലെ പത്ത് പേര്‍ക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രധാന പ്രതിയായ അതാവുള്ള ഖാന് എന്നയാള്‍ ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് പാകിസ്ഥാന് സൈന്യം മലാലയെ ആക്രമിച്ച സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തത്. തെഹ്രീക് ഇ താലിബാന്റെ പാകിസ്ഥാനിലെ കമാന്‍ഡറായ മുല്ല ഫസലുള്ളയാണ് മലാലയുള്പ്പടെ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചതിന്റെ പിന്നിലുള്ളതെന്ന് അറസ്റ്റിലായ തീവ്രവാദികള്‍ സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിച്ചതിനാണ് 2012 ല്‍ മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് മലാലക്ക് പതിനഞ്ച് വയസായിരുന്നു പ്രായം. സ്വാത്ത് താഴ്വരയിലൂടെ തന്റെ സ്കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മലാലയുടെ തലയിലേക്ക് താലിബാന് തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
കുട്ടികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന മലാലയെ 2014 ല്‍ ലോകം സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം നല്കി ആദരിച്ചു. പരിക്കില്‍ നിന്നും മോചിതയായ മലാല ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയിലെ ബിര്‍മിങ്ഹാമിലാണ് താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല