സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ മേയ് അഞ്ചിന് പ്രഖ്യാപിക്കും. 18 പേരെ വെറുതെ വിട്ടിട്ടുമുണ്ട്.
ഭീകരവാദം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘംചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. അധ്യാപകന്‍ പരീക്ഷക്കായി തയാറാക്കിയ ചോദ്യക്കടലാസില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. സംഭവ ദിവസം രാവിലെ വീടിനു സമീപത്തുള്ള മൂവാറ്റുപുഴ നിര്‍മല മാത പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മാതാവിന്റെയും കന്യാസ്ത്രിയായ സഹോദരിയുടേയും മുന്നില്‍വെച്ച് കൈപ്പത്തി കോടാലികൊണ്ടു വെട്ടിമാറ്റിയത്.
ന്യൂമാന്‍ കോളജില്‍ 2010 മാര്‍ച്ച് 23 ന് നടന്ന രണ്ടാം വര്‍ഷ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയില്‍ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നതായിരുന്നു ആക്രമണത്തിനുള്ള പ്രകോപനം. കേസില്‍ 31 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കൃത്യ നിര്‍വഹണത്തിനു വേണ്ടി മാത്രം വ്യാജ സിം കാര്‍ഡുകള്‍, പഴയ മൊബൈല്‍ ഫോണുകള്‍, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല