ലണ്ടന്‍:22 പേരുടെ മരണത്തിനിടയാക്കിയ ഇ.കോളി ബാക്ടീരിയയുടെ ഉറവിടം സംബന്ധിച്ച് ഇനിയും വ്യക്തത ലഭിക്കാത്തത് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നു. വടക്കന്‍ ജര്‍മനിയിലെ യുല്സെന് പ്രദേശത്ത് കൃഷിചെയ്യുന്ന പയര്‍വര്‍ഗങ്ങളാണ് ഇ കോളിയുടെ ഉറവിടമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇവിടുത്ത ബീന്സ്പ്രൗട്ട്സാണ് ഇ കോളി ബാധയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞന്മാര് പറഞ്ഞു.
ഓര്‍ഗാനിക് ഫാമിലുള്ള പച്ചക്കറികളാണ് ഇ.കോളിയുടെ ഉറവിടമെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നെടുത്ത 23മുതല്‍ 40വരെ സാമ്പിളുകളില്‍ ഇ കോളി കണ്ടെത്താനായില്ലെന്ന് ലോവര്‍ സാക്സണി സംസ്ഥാനത്തിന്റെ കാര്‍ഷിക മന്ത്രാലയം അറിയിച്ചു. എന്നാല്‍ 17സാമ്പുകളില്‍ ഇപ്പോഴും പരിശോധന നടയ്ക്കുന്നുണ്ട്.
ഇ കോളി വ്യാപിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞതിനാല്‍ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് കാര്‍ഷിക മന്ത്രാലയം പറയുന്നത്. ബീന്സ്പ്രൗട്ടാണോ ഉറവിടമെന്ന് ഉറപ്പുവരുത്തണമെങ്കില്‍ അതിനെ കൂടുതല്‍ പരിശോധയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ പരിശോധിച്ച ബാച്ചസില് ഇ കോളിയില്ലെന്ന് കണ്ടെത്തിയെന്നുവച്ച് മുന്പുള്ളതില് അങ്ങനെയാവണമെന്നില്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഈ മാരക ബാക്ടീരയയുടെ ഉറവിടം എപ്പോള്‍ കണ്ടെത്താനാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
യൂറോപ്പില്‍ ഏകദേശം 2,300 പേര്‍ക്ക് ഇ.കോളി ബാക്ടീരിയ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ കുക്കുമ്പറില്‍ നിന്നാണ് ബാക്ടീരിയ പടരുന്നതെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ കുക്കുമ്പറില്‍ ഇ.കോളിയില്ലെന്ന് പിന്നീട് കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല