സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം. ആന്‍ഡമാന്‍ നിക്കോബാറിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഗിനിയില്‍ 6.7, 7.1 എന്നിങ്ങനെ രണ്ടു തവണ ഭൂമി കുലുങ്ങി.
ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികം ശക്തമല്ലാത്ത ഭൂചലനമാണ് ആന്ഡാനില് ഉണ്ടായതെന്നും സുനാമി തിരകള്‍ രൂപപ്പെടാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.
പാപ്പുവ ന്യൂ ഗിനിയില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സൂനാമി തിരകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റര്‍ മുന്നറിയിപ്പു നല്കി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും 186 മൈലുകള്‍ക്കുള്ളില്‍ സൂനാമിത്തിരകള്‍ അടിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 70 മൈല്‍ ദൂരെയാണ് പാപ്പുവ ന്യൂ ഗിനി.
നേപ്പാളില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി ഒരാഴ്ച പിന്നിടും മുമ്പാണ് ആന്‍ഡമാന്‍ നിക്കോബാറിലും, പാപ്പുവ ന്യൂ ഗിനിയിലേയും ചലനങ്ങള്‍. നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം വെളിയാഴ്ച 6000 കവിഞ്ഞു. മരണ സംഖ്യ 15,000 കവിയുമെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടേയും നേപ്പാള്‍ സര്‍ക്കാരിന്റേയും ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല