സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് കലാപത്തില്‍ കത്തിറ്റെരിഞ്ഞ ബാള്‍ട്ടിമൂറിലെ തെരുവുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന ആറു പോലീസുകാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ആഘോഷ പ്രകടനങ്ങള്‍ക്ക് വഴി മാറിയത്.
ഫ്രെഡി ഗ്രേ എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞതാണ് ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ഫ്രെഡിയുടെ മരണ കാരണം പോലീസ് വാനില്‍ വച്ച് നട്ടെല്ലിലും കഴുത്തിലുമേറ്റ ആഘാതമാണെന്ന് വ്യക്തമായതോടെ ജനരോഷം വ്യാപിക്കുകയായിരുന്നു.
അറസ്റ്റിലായവരില്‍ ഒരാളില്‍ മാത്രമാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റു അഞ്ചു പേര്‍ക്കും താരതമ്യേന ചെറിയ കുറ്റങ്ങളാണ്. മേരിലാന്‍ഡ് സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനര്‍ ഫ്രെഡിയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടു പുറകെയാണ് പോലീസുകാരുടെ അറസ്റ്റ്.
എന്നാല്‍ ആറു പോലീസുകാര്‍ അറസ്റ്റിലായെങ്കിലും അവര്‍ ഫ്രെഡിയുടെ മരണത്തിന് ഉത്തരവാദികള്‍ അല്ലെന്ന വാദവുമായി പോലീസ് ഓഫീസേര്‍സ് യൂണിയന്‍ രംഗത്തെത്തി. കസ്റ്റഡിയിലായ പോലീസുകാരെ ജോലിയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഫ്രെഡിയുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കു ശേഷമാണ് കലാപം വ്യാപിച്ചത്. ക്ഷുഭിതരായ ജനക്കൂട്ടം ബാള്‍ട്ടിമൂറിലെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല