സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഏഴു മലയാളികള്‍. കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ഡോക്ടര്‍മാരും അടക്കമുള്ളവരാണ് ആദായനികുതി വകുപ്പിന്റെ കള്ളപ്പണ പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 121 കേസുകളാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കണക്കില്‍പെടാത്ത 4479 കോടി രൂപയാണ് ജനീവയിലെ എച്ച്എസ്ബിസി ബാങ്കടക്കമുള്ള പലയിടങ്ങളിലായി ഇന്ത്യയിലെ അതി സമ്പന്നര്‍ പൂഴ്ത്തി വച്ചിരിക്കുന്നത്.
ഇതില്‍ മലയാളികളായ ഏഴുപേരുടെ ബാങ്കിടപാടുകളെ കുറിച്ച് വിശദ അന്വേഷണം നടക്കുകയാണ്. കോട്ടയം സ്വദേശികളായ സഹോദരന്മാരായ വ്യവസായികള്‍, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥരില്‍ ഒരാളുടെ ഭാര്യ, തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍, തൃശൂരിലെ പ്രമുഖ വ്യവസായി, ബഹ്റിനില്‍ സ്ഥിരതാമസമാക്കിയ രണ്ടു സഹോദരങ്ങള്‍ എന്നിവരാണ് പട്ടികയിലുള്ളത്.
എച്ച്എസ്ബിസി യില്നിന്ന് ലഭിച്ച 628 അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ 121 പേരെക്കുറിച്ച് ആദ്യം അന്വേഷിക്കുന്നത്. ഇതിനു പുറമെ, രാജ്യത്തിനകത്ത് 14957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല