സ്വന്തം ലേഖകന്‍: സ്വകാര്യ ഏജന്‍സി വഴി കുവൈത്തിലേക്ക് പോകാനെത്തിയ 50 മലയാളി നഴ്സുമാരെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞു. സ്വകാര്യ ഏജന്‍സികളില്‍ നിന്നും നഴ്സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്കയും ഓഡെപെക്കും മെയ് ഒന്നു മുതല്‍ ഏറ്റടുത്തതോടെയാണ് നേരത്തെ നിയമനം ലഭിച്ച ഇവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ കഴിയാതായത്.
ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്കി വിസ തരപ്പെടുത്തിയവരെയാണു നെടുമ്പാശേരി, തിരുവനന്തപുരം, മുംബൈ, ബംഗളുരു, ന്യുഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ തടഞ്ഞത്. കിടപ്പാടം പണയപ്പെടുത്തിയും പലിശക്കു കടം വാങ്ങിയും ഏജന്‍സികളില്‍ ലക്ഷങ്ങള്‍ നല്കിയ നഴ്സുമാരുടെ ഭാവി ഇതോടെ തുലാസിലായി.
ഇവര്‍ നല്കിയ കോടിക്കണക്കിനു രൂപ നഷ്ടമാകുമെന്ന് ഉറപ്പാണ്. വിവിധ രാജ്യങ്ങളിലേക്കായി ആറായിരത്തോളം നഴ്സുമാരാണ് ഏജന്‍സികളില്‍ വന്‍തുക അഡ്വാന്‍സ് നല്കി വിസയ്ക്കായി കാത്തിരിക്കുന്നത്.
ഇതിനിടെയാണു വിദേശജോലിക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ എമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കിയത്.
വിദേശയാത്ര തടഞ്ഞ നടപടിയില്‍ പരാതിപ്പെട്ട് നിലവില്‍ റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നും നിങ്ങള്‍ രണ്ടാഴ്ച കാത്തിരിക്കണമെന്നുമുള്ള മറുപടിയാണു ലഭിച്ചതെന്നു യാത്ര മുടങ്ങിയ നഴ്സുമാര്‍ പറഞ്ഞു.
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള 4800 ഒഴിവില്‍ 4500 നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണ് നല്‍കിയിരുന്നത്. സൗദി റിക്രൂട്ട്മെന്റിനായി 4500 നഴ്സുമാരില്‍ നിന്നു രാജ്യത്തെ വിവിധ ഏജന്‍സികള്‍ക്ക് 10, 15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതായാണു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. 80,000 മുതല്‍ 100,000 രൂപ വരെയാണ് സൗദി ആരോഗ്യ മന്ത്രാലയം വാഗ്ദാനം ചെയ്ത ശമ്പളം.
ബഹ്റിനിലേക്ക് ആയിരത്തോളം നഴ്സുമാരാണ് വിസയ്ക്കായി കാത്തിരിക്കുന്നത്. ഇവരും 5 മുതല്‍ 10 ലക്ഷം രൂപ വരെ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പിടിയിലായ മാത്യു ഇന്റര്‍ നാഷണലാണ് ബഹ്റിനിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയവരില്‍ പ്രധാനി. അഡ്വാന്‍സ് നല്കിയ തുക തിരിച്ചു നല്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നഴ്സുമാരുടെ പരാതി.
നിശ്ചിത സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നഴ്സുമാര്‍ക്ക് ഇനി ഇന്ത്യയില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുകയുള്ളൂ.
ഇതു സംബന്ധിച്ച് മാര്‍ച്ച് 12ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണു മെയ് ഒന്നു മുതല്‍ പ്രാബല്യത്തിലായത്. വിദേശത്ത് നഴ്സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
തുടര്‍ന്ന് ഇ മൈഗ്രേറ്റ് സോഫ്റ്റ്വെയറിലൂടെ വിവരം നോര്‍ക്ക റൂട്ട്സിനെയും ഒഡെപെക്കിനെയും അറിയിക്കും. ഇരു സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സുമാര്‍ക്ക് യോഗ്യത അനുസരിച്ച് അവസരം നല്‍കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല