സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പുറമേ രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി ഒമാന്‍ മാനവവിഭവ മന്ത്രാലയം. തൊഴില്‍ മാറല്‍, ശമ്പളം വര്‍ധിപ്പിക്കല്‍, പുതിയ തൊഴിലാളികളെ നിയമിക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തല്‍, കമ്പനി പരിഷ്കരണം തുടങ്ങി നിരവധി അവസരങ്ങളാണ് ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് തൊഴില്‍ മന്ത്രാലയം പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചത്.
ലേബര്‍ ഓഫീസ്, സനദ് ഓഫീസ് എന്നിവിടങ്ങളില്‍ പതിച്ചിട്ടുള്ള നോട്ടീസുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. തൊഴില്‍ രംഗം മാറാനുള്ള അവസരം പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. സ്വദേശിവല്‍ക്കരണം നടപ്പിലാക്കാത്ത ഏത് ജോലിയിലേക്കും തൊഴില്‍ മാറാന്‍ പുതിയ ആനുകൂല്യങ്ങള്‍ വഴി സാധിക്കും.
ഇതിന് പുറമെ മൂന്ന് മാസത്തിനകം ശമ്പള വര്‍ദ്ധനവിനും മന്ത്രാലയം അവസരം നല്കുന്നു. ആറ് മാസത്തെ ബേങ്ക് സ്റ്റേറ്റ്മെന്റ് ഇതിനായി ഹാജരാക്കണം. നിലവില്‍ മൂന്ന് ശതമാനം മാത്രമേ ശമ്പളം കൂട്ടാന്‍ പറ്റുകയുള്ളൂവെങ്കിലും പൊതുമാപ്പ് കാലയളവില്‍ എത്ര ശതമാനം വേണമെങ്കിലും വര്‍ധിപ്പിക്കാം.
കമ്പനി പരിഷ്കരണ നടപടികള്‍ക്കും ഇക്കാലയളവില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ പേര് മാറ്റം, രേഖകള്‍ പുതുക്കല്‍, ലീഗല്‍ സ്റ്റാറ്റസ്, കമ്പനിയിലേക്ക് പാര്‍ട്ണറെ ഉള്‍പെടുത്തുക, പാര്‍ട്ണറെ പുറത്താക്കുക എന്നിവക്കെല്ലാം അനുവാദം നല്‍കിയതിന് പുറമെ നിരോധിക്കപ്പെടാത്ത പ്രവര്‍ത്തികളെല്ലാം പുതുതായി ഉള്‍പെടുത്താനും സാധിക്കും. ഇതിന് വ്യവസായ മന്ത്രാലയം അംഗീകരിച്ച രേഖകളും ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല