സ്വന്തം ലേഖകന്‍: പേന, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, കൂടിപ്പോയാല്‍ ഒരു ലാപ്ടോപ്പ്. ശിഷ്യര്‍ ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സൗദിയിലെ അറബിക് അധ്യാപകന് ഇതെല്ലാമാണ്. എന്നാല്‍ മുന്‍ ശിഷ്യന്മാര് അധ്യാപകന്റെ സമര്‍പ്പണത്തിനും സ്നേഹത്തിനും പകരമായി നല്‍കിയത് 2015 മോഡല്‍ ഫോര്‍ഡ് എക്സ്പെഡിഷന് എസ്യുവി.
സൗദിയിലെ ബുറായ്ദായിലുള്ള കിംഗ് അബ്ദുള്‍ അസീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് അപൂര്‍വമായ ഗുരുദക്ഷിണ നല്‍കിയത്. 30 വര്‍ഷം മുമ്പ് സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പോയ വിദ്യാര്‍ഥികളാണ് ഗുരുദക്ഷിണ നല്കാന് വീണ്ടും ഒത്തു ചേര്‍ന്നത്.
പഠനത്തിനു ശേഷം സൗദിയിലെ സ്വകാര്യ, പൊതു സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിക്കുന്നവരാണ് മിക്കവരും. ചടങ്ങിന് വര്‍ണാഭ നല്കാന് പരമ്പരാഗത സൗദി വസ്ത്രമായ സൗദി തോബെ ധരിച്ചാണ് ചിലര്‍ എത്തിയത്. മിലിട്ടറി യൂണിഫോം, ഡോക്ടറുടെ ഏപ്രണ്‍, തൊപ്പികള്‍ എന്നിങ്ങനെ ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട വേഷം ധരിച്ചെത്തിയവരും ഉണ്ടായിരുന്നു.
കാര്‍ കൂടാതെ മറ്റു ചില സമ്മാനങ്ങളും അവര്‍ പ്രിയപ്പെട്ട അധ്യാപകന് കൈമാറി. പാഠങ്ങള്‍ പഠിപ്പിച്ചു തന്നതിനേക്കാള്‍ പഠിക്കേണ്ടത് എങ്ങനെയാണ് എന്ന് മനസിലാക്കിത്തന്നതിനാണ് ഈ സമ്മാനങ്ങള്‍ എന്ന് ശിഷ്യര്‍ വെളിപ്പെടുത്തി. വിലയേറിയ ആ പാഠങ്ങള്‍ തങ്ങളുടെ ജീവിതം തന്നെ രൂപപ്പെടുത്തിയതായി അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല