സ്വന്തം ലേഖകന്‍: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള എല്ലാ സ്വത്തുവകകളും ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. മുന്‍ സിഎജി വിനോദ് റായി തന്നെ ഓഡിറ്റിംഗ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശിവസേനയുടെ ഓഫീസ് മാറ്റണമെന്ന ആവശ്യത്തില്‍ രണ്ട് മാസത്തിനകം മറുപടി നല്‍കണം. കേസ് ജൂലൈ 25 ന് വീണ്ടും പരിഗണിക്കും.
ക്ഷേത്രം സ്വത്ത് സംബന്ധിച്ച് ഓഡിറ്റിംഗ് നടത്തുന്ന മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിക്ക് ക്ഷേത്രം ട്രസ്റ്റിന്റെ ഓഡിറ്റിംഗ് നടത്താന്‍ അധികാരമില്ലെന്നും ട്രസ്റ്റിന്റെ സ്വത്ത് ക്ഷേത്രത്തിന്റേത് അല്ലെന്നുമായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മ കുടുംബത്തിന്റെ വാദം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലുളള എല്ലാ സ്വത്തുവകകളുടെയും രേഖകള്‍ വിനോദ് റായിക്ക് കൈമാറണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനോദ് റായ് 48 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ തുക നല്കാന് തയ്യാറാകാത്തതിരുന്നതിനാലാണ് കോടതി നിര്‍ദേശം. നിലവില്‍ സര്‍ക്കാര്‍ 50 കോടി രൂപ മുടക്കിയതിനാല്‍ ഇനിയും തുക നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ക്ഷേത്ര വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശിവസേന ഓഫീസ് ഒഴിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രമണ്യവും സുപ്രീം കോടതിയോട് ആവശ്യപ്പട്ടിരുന്നു. ഇതെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായ കെഎന്‍ സതീഷ് കുമാറിന് പാറ്റൂര്‍ ഭൂമിയിടപാടില്‍ ബന്ധമുള്ളതിനാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന മാര്‍ത്താണ്ഡവര്‍മ്മ കുടുംബത്തിന്റെ പ്രധാന ആവശ്യത്തില്‍ കോടതി തീരുമാനമെടുത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല