സ്വന്തം ലേഖകന്‍: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂര്‍ വിമാനത്താവളത്തിന് ചിറകു മുളക്കുന്നു. വിമാനത്താവള വികസനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 കോടി രൂപയുടെ ആദ്യ ഗഡുവാണിത്. അതോറിറ്റിയില്‍ നിന്നുള്ള മുഴുവന്‍ തുകയും എത്രയും വേഗം ലഭ്യമാക്കണമെന്നു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു വ്യോമയാന മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ച സാഹചര്യത്തില്‍ കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ നിലപാട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു ജിജി തോംസണ്‍ അറിയിച്ചു.
വിമാനത്താവളത്തിനു നേരത്തേ ലഭിച്ച അനുമതി റദ്ദാക്കപ്പെട്ടതിനാല്‍, വീണ്ടും പരിസ്ഥിതി പഠനം നടത്തേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നതിനു പരിസ്ഥിതി മന്ത്രാലയം വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. പഠനം വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം കേരളവും ഉന്നയിച്ചിട്ടില്ല. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല