സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നു കൂടിയ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു നേതൃത്വം നല്കുന്ന കക്ഷി കൂട്ടുകക്ഷി മുന്നണിയുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍. ഇന്നലെ അര്‍ദ്ധ രാത്രി വരെയായിരുന്നു സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത അറിയിക്കാനുള്ള അവസാന സമയം.
സമയപരിധി തീരുന്നതുന് ഒരു മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ 120 അംഗ ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നെതന്യാഹു പക്ഷത്തിനുണ്ടാവുക. ഓരോ നിര്‍ണായക തീരുമാനം എടുക്കുന്നതിനു മുമ്പും വാശിയേറിയ വോട്ടെടുപ്പിനും അനിശ്ചിതത്വത്തിനും ഇത് കാരണമാകും.
30 സീറ്റുകളാണ് നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിക്കു മുമ്പ് സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ 24 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുള്ള ഐസക് ഹെര്‍സോഗിന്റെ ഇടതു സിയോണിസ്റ്റ് യൂണിയന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിക്കുമായിരുന്നു.
ജ്യൂവിഷ് ഹോം ലീഡര്‍ നഫ്താലി ബെന്നറ്റുമായി നെതന്യാഹും നടത്തിയ മാരത്തണ്‍ ചര്‍ച്ചകളുടെ ഫലമായാണ് കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാനുള്ള തീരുമാനം. ഇരുകക്ഷികളും കൈകോര്‍ക്കുന്നതോടെ 61 സീറ്റുകളുമായി മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല