സ്വന്തം ലേഖകന്‍: അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന 911 നമ്പറിനു പകരം പിസ ഓര്‍ഡര്‍ ചെയ്ത് ജീവന്‍ രക്ഷിച്ച കഥ കേട്ട് അന്തംവിട്ടിരിപ്പാണ് ഫ്‌ലോറിഡക്കാര്‍. ചെറില്‍ ട്രെഡ്‌വേ എന്ന യുവതിയാണ് കാമുകന്റെ കത്തിയുടെ മുനമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പിസ ഓര്‍ഡര്‍ ചെയ്തത്. പിസ ഓര്‍ഡര്‍ ചെയ്യാനുള്ള സന്ദേശത്തില്‍ തന്നെ രക്ഷിക്കാനുള്ള രഹസ്യ കുറിപ്പും എഴുതി ചേര്‍ക്കുകയായിരുന്നു ചെറില്‍.
തിങ്കളാഴ്ചയാണ് ചെറിലിനേയും മൂന്നു കുഞ്ഞുങ്ങളേയും മുന്‍ കാമുകനായ ഏതന്‍ നിക്കേര്‍സണ്‍ ബന്ദിയാക്കിയത്. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ഏതന്‍ ചെറിലിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. അതോടെ 911 ല്‍ വിളിക്കാനുള്ള മാര്‍ഗവും ഇല്ലാതായി.
ഒടുവില്‍ മറ്റു വഴിയില്ലാതെ വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിസ ഓര്‍ഡര്‍ ചെയ്യാനെന്ന വ്യാജേന ചെറില്‍ അല്പ നേരത്തേക്ക് മൊബൈല്‍ വാങ്ങുകയായിരുന്നു. ഏതന്റെ ശ്രദ്ധ മാറിയ അല്പനേരത്തേക്ക് തന്ന രക്ഷപ്പെടുത്തണമെന്ന സന്ദേശം ഓര്‍ഡറില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ചെറില്‍.
സാധാരണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചീസ് വേണമെന്നും, കുരുമുളക് കുറച്ച് മതിയെന്നും ഒക്കെയുള്ള കമന്റസ് എഴുതാന്‍ ഓണ്‍ലൈന്‍ ഫോമിലുള്ള സ്ഥലത്താണ് ചെറില്‍ തന്നെ രക്ഷിക്കണമെന്ന സന്ദേശം എഴുതിയത്. 911 ലേക്ക് വിളിച്ച് തന്നെ രക്ഷിക്കണമെന്നായിരുന്നു സന്ദേശം.
ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ച പിസാ ഹട്ട് മാനേജര്‍ താന്‍ ഇത്തരത്തിലൊരു സംഭവം ആദ്യം കാണുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് ഏതാണ്ട് 20 മിനിട്ടു നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം നിക്കേര്‍സണെ സമാധാനപരമായി കീഴ്ടടക്കിയതോടെ ചെറിലിനും കുഞ്ഞുങ്ങള്‍ക്കും മോചനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല