1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

സ്വന്തം ലേഖകന്‍: മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ അഞ്ചു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കാണ് കോടതി എട്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലാണ് വിധി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് വിചാരണ പൂര്‍ത്തിയായത്. കഴിഞ്ഞ മാസം 30 ന് കുറ്റപത്രത്തിലെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കേസില്‍ 17 പ്രതികളെ വെറുതെ വിട്ടു. പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. സംഭവ ദിവസം രാവിലെ വീടിനു സമീപത്തുള്ള മൂവാറ്റുപുഴ നിര്‍മല മാത പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മാതാവിന്റെയും കന്യാസ്ത്രിയായ സഹോദരിയുടേയും മുന്നില്‍വെച്ച് കൈപ്പത്തി കോടാലികൊണ്ടു വെട്ടിമാറ്റിയത്.

ന്യൂമാന്‍ കോളജില്‍ 2010 മാര്‍ച്ച് 23 ന് നടന്ന രണ്ടാം വര്‍ഷ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയില്‍ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നതായിരുന്നു ആക്രമണത്തിനുള്ള പ്രകോപനം. കേസില്‍ 31 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

ആക്രമണത്തിനു നേതൃത്വം കൊടുത്ത ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പേരെ ഇതുവരെ പിടികൂടിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.