സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി.
വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും സംഘടനാ വക്താവ് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹെലികോപ്റ്റര്‍ ആക്രമണത്തിനിരയായി നിലം പതിച്ച പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്ട്ടിസ്താന് മേഖല തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്.
ആക്രമണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി നവാസ് ഷെരീഫും ഗില്‍ജിത് പര്‍വത മേഖലയിലേക്ക് ആകാശമാര്‍ഗം യാത്ര ചെയ്തിരുന്നു. എന്നാല്‍ ഹെലികോപ്റ്റര്‍ വാര്ത്തയറിഞ്ഞോടെ പ്രധാനമന്ത്രിയും സംഘവും യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു.
ആക്രമിക്കപ്പെട്ട ഹെലികോപ്റ്റര്‍ പതിച്ചത് നിറയെ കുട്ടികളുണ്ടായിരുന്ന ഒരു സ്കൂള്‍ കെട്ടിടത്തിനു മേലാണ്. വീഴ്ചയില്‍ കെട്ടിടത്തിനും ഹെലികോപ്റ്ററിനും തീ പിടിക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അധികാരികള്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല