സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വിമാനത്താവളത്തിന് നല്കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി നേതാക്കള്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തെ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ആറന്മുളയിലെ വിമാനത്താവള നിര്‍മ്മാണത്തിന് അനുമതി നല്കുമെന്നു സൂചനയുണ്ടായിരുന്നു.
2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. രാജ്യത്ത് ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതി 1500 പേര്‍ക്ക് നേരിട്ടും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും.
ശബരിമലയുടെ വികസനത്തിനും മധ്യ തിരുവിതാംകൂര്‍ മേഖലയിലെ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതി പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല