സ്വന്തം ലേഖകന്‍: പെട്ടിക്കുള്ളില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയെ കുത്തിനിറച്ച് മനുഷ്യക്കടത്തു നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. സ്‌പെയിന്‍ അതിര്‍ത്തിയിലാണ് അതിര്‍ത്തി രക്ഷാസേനയെ ഞെട്ടിച്ച സംഭവം. കുട്ടിയെ പെട്ടിയില്‍ ചുരുട്ടി മടക്കി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി.
മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി കടക്കുമ്പോഴായിരുന്നു പെട്ടി പരിശോധന.
സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ പെട്ടിക്കുള്ളില്‍ കുട്ടിയുള്ളതായി കാണുന്നത്. പെട്ടിയില്‍ കുട്ടിയെ ചുരുട്ടി മടക്കി ഇരുത്തിയ നിലയിലായിരുന്നു.
പെട്ടി തുറന്നു നോക്കിയപ്പോള്‍ കണ്ടത് എട്ട് വയസുള്ള ആണ്‍കുട്ടി അവശനിലയില്‍ ഇരിക്കുന്നതാണ്. ഐവറികോസ്റ്റുകാരനാണ് ഈ കുട്ടി. സിവില്‍ ഗാര്‍ഡ് പെട്ടിയുമായെത്തിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ പയ്യന്റെ പിതാവ് മണിക്കൂറുകള്‍ മുമ്പ് അതിര്‍ത്തി കടന്നതായി വ്യക്തമായി.
ഐവറികോസ്റ്റില്‍ ജനിച്ച് സ്പാനിഷ് കാനറി ദ്വീപില്‍ ജീവിക്കുന്ന പയ്യന്റെ പിതാവിനെയും തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു.
മൊറോക്കോ, സ്പാനിഷ് അധിനിവേശ മേഖലയെ വേര്‍തിരിക്കുന്ന 23 അടി ഉയരമുള്ള മതില്‍ അനധികൃതമായി വലിഞ്ഞുകയറി രക്ഷപെടാന്‍ ശ്രമിക്കുന്നത് സ്ഥിരം സംഭവമാണ്. ചിലര്‍ നീന്തിയും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാറുണ്ട്.
കഴിഞ്ഞയാഴ്ച മേലില തുറമുഖത്ത് കപ്പലിലെത്തിയ കണ്‍ടെയ്‌നറിനുള്ളില്‍ നിന്ന് 23 വയസ്സുള്ള മൊറോക്കോക്കാരനെ കണ്ടെത്തിയിരുന്നു. നാല് ദിവസമായി നീക്കാതെ കിടന്ന കണ്‍ടെയ്‌നര്‍ പരിശോധിച്ചപ്പോള്‍ ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടാതെ അവശനിലയിലായിരുന്നു ഇയാള്‍.
മെഡിറ്ററേനിയന്‍ മേഖല പോലെ മൊറോക്കോ സ്പാനിഷ് അധിനിവേശ മേഖലയും അനധികൃത കുടിയേറ്റക്കാരുടെ ശവപ്പറമ്പായി മാറുകയാണെന്ന വാര്‍ത്തകള്‍ക്ക് ബലം കൂട്ടുന്നതാണ് അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല