സ്വന്തം ലേഖകന്‍: ഗുജറാത്ത് തീരത്ത് ഇന്ത്യയുടെ കുന്തമുനയാകാന്‍ പുതിയ നാവിക കേന്ദ്രമായ ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരിലുള്ള നാവികകേന്ദ്രം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
ഓഖയ്ക്കു സമീപം ഐഎന്‍എസ് ദ്വാരക കൂടാതെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഗുജറാത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണ് ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍. പുതിയ നാവിക കേന്ദ്രം കൂടുതല്‍ ഫലപ്രദമായ തീരദേശ, സമുദ്ര മേഖല സുരക്ഷക്കും ഇടപെടലുകള്‍ക്കും സഹായിക്കുമെന്ന് നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു.
പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലൂടെയുള്ള ചരക്കു നീക്കത്തിനും പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര കടല്‍ അതിര്‍ത്തിയിലെ നിരീക്ഷണത്തിനും ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ പുതിയ ഊര്‍ജം പകരും. മുംബൈ ഭീകരാക്രമണത്തിനു ശേഷം തീരസുരക്ഷാ നടപടികളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് നാവികമേധാവി ആര്‍കെ ധവാന് പറഞ്ഞു.
തീര സുരക്ഷയുടെ കാര്യത്തില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ഉപേക്ഷ കാട്ടിയെന്ന് ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു കൊണ്ട് ആനന്ദി ബെന്‍ പട്ടേല്‍ ആരോപിച്ചു. 1,600 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വിശാലമായ കടല്‍ത്തീരമാണ് ഗുജറാത്തിനുള്ളത്. ഇതില്‍ വലിതും ചെറുതുമായ 43 തുറമുഖങ്ങളുമുണ്ട്. ഗുജറാത്തില്‍ തുറമുഖങ്ങള്‍ എല്ലാം കൂടി പ്രതിവര്‍ഷം 300 മില്യണ്‍ ടണ്‍ ചരക്കുകകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല