സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തില്‍ നാസി ജര്‍മനിക്കുമേല്‍ വിജയം നേടിയതിന്റെ റഷ്യ വന്‍ സൈനിക പരേഡ് നടത്തി. യുദ്ധ വിജയത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരേഡ്. സൈനിക പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം ഒട്ടേറെ ലോകനേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചടങ്ങ് ബഹിഷ്‌കരിച്ചു.
പ്രസിദ്ധമായ റെഡ്‌സ്‌ക്വയറില്‍ നടന്ന 90 മിനിറ്റു നീണ്ട പരേഡില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ അടക്കം പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ക്കൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും പരേഡ് വീക്ഷിക്കാനെത്തി.
ഈജിപ്ത്, ക്യൂബ, വെനസ്വേല, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും പങ്കെടുത്തു. യുദ്ധത്തില്‍ റഷ്യയുടെ സഖ്യകക്ഷികളായിരുന്ന യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പരേഡ് ബഹിഷ്‌കരിച്ചത്. റഷ്യയുടെ സൈനികശക്തി തെളിയിച്ച പരേഡില്‍ പുതിയ തലമുറയില്‍ പെട്ട അര്‍മത ടി 14 ടാങ്കും ഏറ്റവും പുതിയ യുദ്ധവിമാനങ്ങളും പ്രദര്‍ശിപ്പിച്ചു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. മോസ്‌കോയില്‍ ചൈനയുടെ സൈനികര്‍ ആദ്യമായി മാര്‍ച്ച് ചെയ്യുകയെന്ന അപൂര്‍വതക്കും പരേഡ് വേദിയായി. രണ്ടാം ലോകയുദ്ധത്തില്‍ 2.7 കോടി റഷ്യക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. യുദ്ധ വിജയദിനമായി ആഘേഷിക്കുന്ന മേയ് ഒന്‍പതിന് എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഭിന്നതകള്‍ മറന്ന് റെഡ് സ്‌ക്വയറില്‍ ഒന്നിക്കുന്നു.
യുദ്ധത്തില്‍ പങ്കെടുത്തവരും കൊല്ലപ്പെട്ട സൈനികരുടെ വിധവകളും കുടുംബാംഗങ്ങളും തുടങ്ങി നിരവധി പേര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ചടങ്ങിനെത്താറുണ്ട്. വിജയത്തില്‍ പാശ്ചാത്യ ശക്തികള്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ച പുടിന്‍, അവര്‍ പരേഡില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി വിമശിച്ചു. അടുത്ത കാലത്തായി രാജ്യാന്തര സഹകരണമെന്ന തത്വം പലപ്പോഴും മറക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പരേഡില്‍ പങ്കെടുത്ത 75 അംഗ ഇന്ത്യന്‍ സൈനിക സംഘം ശ്രദ്ധ പിടിച്ചു പറ്റി. മുഖം നന്നായി ഷേവ് ചെയ്‌തെത്തിയ മറ്റു സൈനികര്‍ക്കിടയില്‍ ഇന്ത്യന്‍ സൈനികരുടെ മേല്‍മീശയായിരുന്നു ശ്രദ്ധാകേന്ദ്രം. ഒപ്പം സൈനികരുടെ ഉയരം, യൂണിഫോം, മാര്‍ച്ച് ചെയ്യുന്നതിലെ പ്രാവീണ്യം എന്നിവയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെയും ചൈനയുടെയും സൈനിക വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുത്തുവെന്നു മാത്രമല്ല അവര്‍ ഒരുമിച്ചാണ് താമസിച്ചതെന്ന പ്രത്യേകതയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല