സ്വന്തം ലേഖകന്‍: ചരിത്രപരമായി ഏറെ പ്രാധന്യമുള്ള സന്ദര്‍നത്തിനായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വത്തിക്കാനിലെത്തി. അമേരിക്കയുമായി മുടങ്ങിക്കിടന്നിരുന്ന നയതന്ത്രബന്ധം നല്ലരീതിയിലാക്കുന്നതില്‍ സഹായിച്ച മാര്‍പാപ്പയോട് നന്ദി പ്രകടിപ്പിക്കാനാണ് കാസ്‌ട്രോയുടെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക നിലപാട്.
രണ്ടാം ലോകയുദ്ധ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് മോസ്‌കോയില്‍നിന്നു മടങ്ങും വഴിയാണ് മാര്‍പാപ്പയെ കാണാന്‍ കാസ്‌ട്രോ പെട്ടെന്നു തീരുമാനിച്ചത്. സാധാരണയായി ഞായറാഴ്ചകളില്‍ മാര്‍പാപ്പ സന്ദര്‍ശകരെ അനുവദിക്കാറില്ല. റോമിലിറങ്ങി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ച ക്യൂബന്‍ പ്രസിഡന്റിനുവേണ്ടി അദ്ദേഹം പക്ഷേ, പതിവു തെറ്റിക്കുകയായിരുന്നു. ഇരുവരുടെയും ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റെയോ റെന്‍സിയെയും കാസ്‌ട്രോ സന്ദര്‍ശിച്ചു.
അരനൂറ്റാണ്ടു പിന്നിട്ട ശത്രുത അവസാനിപ്പിച്ച്, നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ യുഎസും ക്യൂബയും കഴിഞ്ഞ ഡിസംബറില്‍ തീരുമാനമെടുത്തതിനു പിന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സുപ്രധാന പങ്കാണു വഹിച്ചത്.
ഈ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കും അദ്ദേഹം കത്തുകളയച്ചിരുന്നു. തുടര്‍ന്നു നടന്ന രഹസ്യ അനുനയചര്‍ച്ചകള്‍ക്കൊടുവിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചരിത്രപ്രധാന തീരുമാനമുണ്ടായത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയുടെ സാന്നിധ്യത്തിലും ചര്‍ച്ചനടത്തിയിരുന്നു.
ഈ സെപ്റ്റംബറില്‍ മാര്‍പാപ്പ ക്യൂബയും യുഎസും സന്ദര്‍ശിക്കുന്നുണ്ട്. 1998 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും മാത്രമേ ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചിട്ടുള്ളൂ. ക്യൂബയുടെ വിപ്‌ളവ ഇതിഹാസവും റൗള്‍ കാസ്‌ട്രോയുടെ സഹോദരനുമായ ഫിഡല്‍ കാസ്‌ട്രോ 1996 ല്‍ വത്തിക്കാനിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല