വാല്‍ത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം,സന്ത്യാഗോ(സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്നതും,ഏറ്റവും പ്രശസ്ത മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് തീര്‍ത്ഥാടനം ജൂലൈ 19 നു മരിയ ഭക്തി പ്രഘോഷണ വേദിയാവുമ്പോള്‍ മുഖ്യഅതിഥിയായി എത്തുന്നതു മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ്.സീറോ മലബാര്‍ സഭക്ക് തക്കല രൂപതയില്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി പിതാവ് തുടക്കം കുറിച്ച ആത്മീയ,അജപാലന,വികസന,ക്ഷേമ പരിപാടികള്‍ക്ക് പിന്തുടര്‍ച്ചക്കാരനായി കൂടുതല്‍ ഊര്‍ജ്ജവും, ഭാവവും, സുവിശേഷ വല്‍ക്കരണവും നല്‍കി സഭക്ക് അഭിമാനം വിതറുന്ന മരിയ ഭക്തി പ്രഘോഷകനായ ആയ ജോര്‍ജ്ജു പിതാവ് ഈ പ്രവാസി മണ്ണില്‍ മരിയോത്സവത്തിനു മുഖ്യാതിഥിയായി എത്തുമ്പോള്‍ ഒമ്പതാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീര്‍ച്ച.
1996 ല്‍ രൂപം കൊണ്ട തക്കല രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ വന്ന ഒഴിവില്‍ തക്കല രൂപതുടെ മെത്രാനായി നിയമിക്കപ്പെട്ട മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ 1968 ല്‍ പടന്തലുമൂട് ഇടവകയില്‍ ജനിച്ചു. എസ്.ഡി.ബി മിഷനറി കോംഗ്രിഗേഷനില്‍ 1994 ല്‍ സെമിനാറി പഠനം ആരംഭിച്ച പിതാവ് 2003 ല്‍ വൈദികനായി. നാസിക്കിലും, ഡേറാഡുണിലുമായി ഫിലോസഫിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിയോളജിക്കല്‍ പഠനം ഷില്ലോങ്ങിലാണ് പിതാവ് പൂര്‍ത്തിയാക്കിയത്. ഗൗഹാട്ടി ഡി.ബി. സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍, പ്രീഫെക്റ്റ് ഓഫ് സ്റ്റഡീസ്,ഷില്ലൊങ്ങ് സെന്റ് ആന്തനീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വൈസ്.പ്രിന്‍സിപ്പല്‍, മൈനര്‍ സെമിനാറി വൈസ് റെക്ടര്‍ തുടങ്ങി വിദ്യാഭ്യാസ,ആത്മീയ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തക്കല രൂപത അദ്ധ്യക്ഷനായി 2013 ല്‍ ആണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്.സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് തീര്‍ത്ഥാടന മുഖ്യഅതിഥിയായി എത്തുന്ന പിതാവ് യു കെ യിലും അയര്‍ലണ്ടിലുമായി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് നല്‍കപ്പെട്ട മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് യു കെ യില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാല്‍ത്സിങ്ങാമില്‍ ഈ വര്‍ഷത്തെ തിരുന്നാളിന് നേതൃത്വം നല്‍കുക ഈസ്റ്റ് ആന്ഗ്ലിയായിലെ ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിയാണ്. റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെന്‍ട്രി എട്ടാമന്‍ രാജാവ് അടക്കം പല രാജാക്കന്മാരും പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്‌ന പാദരായിട്ട് പല തവണ പുണ്യ യാത്ര ചെയ്ത അന്നത്തെ തീര്‍ത്ഥാടന കേന്ദ്രം റോമുമായി തെറ്റിയ ശേഷം ഹെന്‍ട്രി രാജാവ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ സ്ഥാപിച്ചപ്പോള്‍ തകര്‍ത്തു കളഞ്ഞു.
പുനം നിര്‍മ്മിക്കപ്പെട്ട മരിയ പുണ്യ കേന്ദ്രം വീണ്ടും ആത്മീയ അനുഗ്രഹ അഭയ കേന്ദ്രമാക്കി ആഗോള മാതൃഭക്ത തീര്‍ത്ഥാടകര്‍ ഉയര്‍ത്തിയപ്പോള്‍ മുന്‍ കാലങ്ങളിലെപ്പോലെ സ്ലിപ്പര്‍ ചാപ്പലില്‍ പാദരക്ഷകള്‍ അഴിച്ചു വെച്ച ശേഷം നഗ്‌ന പാദരായിട്ട് പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് തീര്‍ത്ഥാടനം നടത്തിയ അതേ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക. മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്തിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട വാല്‍ത്സിങ്ങാമില്‍ എത്തി പ്രാര്‍ത്തിക്കുന്നവര്‍ക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കുകയുണ്ടായി.അക്കാലത്ത് പാദ രക്ഷകള്‍ അഴിച്ചു വെച്ചിരുന്ന സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇന്ന് ഉള്ളത്.
ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കൂട്ടായ്മ്മയും, ആത്മീയ മുന്നേറ്റങ്ങള്‍ക്ക് തീക്ഷ്ണമായ സംഭാവനകള്‍ നല്‍കി പോരുന്നതുമായ ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു പ്രസുദേന്തികളാവുക. പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ചിട്ടപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി.
ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ കത്തോലിക്ക രൂപതാ അദ്ധ്യക്ഷനും,യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ് ആണ് കേരള കത്തോലിക്ക സഭക്കുവേണ്ട എല്ലാ സഹായവും, സൌകര്യവും ഒരുക്കി നല്‍കിപ്പൊരുന്നതും, തീര്‍ത്ഥാടനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതും.
ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നേടുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ ഈ വര്ഷം പത്തിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ അറിയിച്ചു. ഈസ്റ്റ് ആന്ഗ്ലിയായിലെ ചാപ്ലിനും, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന്റെ തുടക്കം കുറിച്ച 2007 മുതല്‍ തീര്‍ത്ഥാടനത്തെ മരിയ ദൌത്യമായി ഏറ്റെടുത്ത് വര്‍ഷം തോറും പൂര്‍വ്വാധികം വിപുലമായി നടത്തി പോരുന്ന ഫാ മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ ആണ് മലയാളി മരിയ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായി ഇതിനെ മാറ്റിയത്.
ജൂലൈ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ ( NR22 6DB) നിന്നും ആമുഖ പ്രാര്‍ത്ഥനയോടെ വാല്ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL)തീര്‍ത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തീര്‍ത്ഥാടന സന്ദേശം നല്‍കും.യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കുചേരും.
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്തം സ്വാദിഷ്ടമായ ചൂടന്‍ കേരള ഭക്ഷണത്തിനുള്ള കൌണ്ടറുകള്‍ അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ മാത്യു ജോര്‍ജ്ജ്07939920844
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല