1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

സ്വന്തം ലേഖകന്‍: സംഹാര ശക്തിയുമായി ഫിലിപ്പീന്‍സ് തീരത്തെത്തിയ നൗള്‍ ചുഴലിക്കാറ്റ് കരുണ കാട്ടി. വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് രണ്ടു പേരുടെ ജീവന്‍ മാത്രമേ അപഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് റിപ്പോര്‍ട്ട്.

വടക്കു കിഴക്കന്‍ ഫിലിപ്പിന്‍സിന്റെ കാഗയാന്‍ പ്രവിശ്യയാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവുമധികം ഇരയായത്. മേഖലയിലെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നിരവധിയാളുകളെ ഉയര്‍ന്ന ഭൂപ്രദേശങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു.

ഈ വര്‍ഷം ഫിലിപ്പിന്‍സില്‍ വീശിയതില്‍ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് നൗള്‍. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള നൗള്‍ നാളെ തയ്‌വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു നേരെ നീങ്ങുമെന്നാണ് കരുതുന്നുത്.

അപാരി നഗരത്തില്‍ വീടിന്റെ മേല്‍ക്കൂര ശരിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. മുന്നറിയിപ്പു നല്‍കിയിരുന്നതിനാല്‍ ജനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറിയിരുന്നു. അതിനാല്‍ മരണസംഖ്യ വളരെ ഉയരുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഡോദോങ് എന്നറിയപ്പെടുന്ന നൗള്‍ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെയാണ് കാഗയാന്‍ പ്രവിശ്യയില്‍ വിശീയത്. മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. മുന്നറിയിപ്പു ലഭിച്ചതിനാല്‍ വ്യോമ, കടല്‍ ഗതാഗതം റദ്ദാക്കിയിരുന്നു. കാഗയാനില്‍ വീശിയ ഉടനെ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞതായി കലാവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.