സ്വന്തം ലേഖകന്‍: പ്രാചീന ബുദ്ധമത സഞ്ചാരി ഹുയാന് സാങ്ങിനെക്കുറിച്ച് ബ്രഹ്മാണ്ഡ സിനിമ വരുന്നു. ഇന്തോ ചൈന സംയുക്ത സംരഭമായാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റ് കണക്കാക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുള്‍പ്പെടെ വന്‍ താരനിരയാണു അണിനിരക്കുന്നത്. പ്രശസ്ത ചൈനീസ് താരം ഹുവാങ് സിയൊമിങ്ങാണ് ചൈനീസ് സഞ്ചാരിയുടെ വേഷത്തില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനത്തില്‍ സിനിമ സംബന്ധിച്ച കരാറൊപ്പിടും. ചൈന ഫിലിം ഗ്രൂപ്പും ഇന്ത്യയിലെ ഇറോസും ചേര്‍ന്നാണു നിര്‍മാണം. ഈ മാസം 25 നു ഷൂട്ടിങ് തുടങ്ങുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.
ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാനമായ സിയാന് നഗരത്തില്‍ നിന്നാണു മോദിയുടെ ചൈനീസ് സന്ദര്‍ശനത്തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സ്വന്തം നാടാണു ഷാന്‍സി. ചൈനയിലെ ബുദ്ധമത പ്രചാരണത്തിനു ഹുയാന് സാങ്ങിന്റെ സംഭാവനകളെ ആദരിക്കാനായി നിര്‍മിച്ച ഈ സ്ഥലം ചിന്‍പിങ്ങിനൊപ്പം മോദി സന്ദര്‍ശിക്കുന്നുണ്ട്. 16 ന് ഷാങ്ഹായില്‍ നടക്കുന്ന നിക്ഷേപക സമ്മേളനത്തില്‍ വച്ചായിരിക്കും സിനിമ നിര്‍മിക്കാനുള്ള കരാറൊപ്പിടുക.
ബുദ്ധമത തീര്ഥാടകനായിരുന്ന ഹുയാന് സാങ് ആറാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെത്തിയത്. പിന്നീടു പതിനാറു വര്‍ഷം ഇവിടെ തങ്ങി. അക്കാലത്ത് പ്രശസ്തമായിരുന്ന നാളന്ദ സര്‍വകലാശാലയെക്കുറിച്ചും മറ്റും വിലപ്പെട്ട വിവരങ്ങള്‍ ചരിത്രകാരന്മാര്ക്കു ലഭിച്ചത് ഹുയാന് സാങ്ങിന്റെ രചനകളില്‍നിന്നാണ്. നാളന്ദയില്‍ നിന്ന് ചൈനയിലേക്കു കൊണ്ടുപോയ 657 അമൂല്യ ഗ്രന്ഥങ്ങളാണ് ആ പുരാതന സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇന്ന് അവശേഷിക്കുന്ന ഏക രേഖകള്‍.
ചൈന ഫിലിം ഗ്രൂപ്പും ഇന്ത്യയിലെ ഇറോസും തമ്മില്‍ സംയുക്ത സംരംഭങ്ങള്‍ വേറെയുമുണ്ട്. കുങ് ഫു താരം ജാക്കി ചാനെക്കുറിച്ച് കുങ് ഫു യോഗ എന്ന പേരില്‍ സിനിമ പണിപ്പുരയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല