സ്വന്തം ലേഖകന്‍: അല്‍ഖാഇദ സ്ഥാപക നേതാവ് ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത യുഎസ് മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷാണ് യുഎസ് ചാര സംഘടന സിഐഎയും പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയും സംയുക്തമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോകം കണ്ട ലാദന്‍ വധം എന്ന് വെളിപ്പെടുത്തിയത്.
ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 2011 മെയ് 2നാണ് ലാദനെ അമേരിക്കന്‍ പട്ടാളത്തിലെ നേവി സീല്‍ അംഗങ്ങള്‍ പാക്കിസ്ഥാനിലെ അബോട്ടാബാദ് എന്ന സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്. പാക്ക് ഭരണകൂടത്തെ പോലും അറിയിക്കാതെ നടത്തിയ അതീവ രഹസ്യ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ലോകത്തോട് പ്രഖ്യാപിച്ചത്.
എന്നാല്‍ ദി കില്ലിങ്ങ് ഓഫ് ഒസാമ ബിന്‍ ലാദന്‍ എന്ന ലേഖനം ഒബാമയുടെ ഈ വാദങ്ങളെയെല്ലാം ഖണ്ഡിക്കുന്നു. 2006 മുതല്‍ തന്നെ ലാദന്‍ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുടെ കസ്റ്റഡിയിലായിരുന്നെന്ന് പറയുന്ന ലേഖനത്തില്‍ പാക്കിസ്ഥാനെ അറിയിക്കാതെ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ലാദനെ വധിച്ചതെന്ന യുഎസ് വാദം പെരുങ്കള്ളമാണെന്ന് ഹെര്‍ഷ് പറയുന്നു.
2010 ആഗസ്റ്റില്‍ പാകിസ്താനിലെ ഒരു മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലെത്തി സിഐഎയുടെ സ്റ്റേഷന്‍ ചീഫായ ജോനാഥന്‍ ബാങ്കുമായി കൂടിക്കാഴ്ച നടത്തി. 2001 ല്‍ യുഎസ് ലാദന്റെ തലയ്ക്കിട്ടിരുന്ന വിലയായ 25 മില്ല്യന്‍ യുഎസ് ഡോളര്‍ പ്രതിഫലമായി നല്‍കുകയാണെങ്കില്‍ ലാദന്റെ ഒളിത്താവളം കാട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തു. ലേഖനത്തില്‍ സെയ്മര്‍ വ്യക്തമാക്കുന്നു.
അക്കാലത്തെ പാക്കിസ്ഥാന്‍ ആര്‍മി തലവന്‍ ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിക്കും അന്നത്തെ ഐഎസ്‌ഐ ചീഫായിരുന്ന ജനറല്‍ അഹ്മ്മദ് ഷുജ പാഷയ്ക്കും അബോട്ടാബാദിലെ അമേരിക്കന്‍ സൈനിക നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നെന്നും ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.
ലാദന്‍ ഐഎസ്‌ഐയുടെ കസ്റ്റഡിയിലായിരുന്നെന്ന കാര്യം സൗദി ഭരണകൂടത്തിനും അറിയാമായിരുന്നു. ലാദനെ ഒരു തടവുപുള്ളിയായി സൂക്ഷിക്കാന്‍ സൗദിയാണ് പാക്കിസ്ഥാന് നിര്‍ദേശം നല്‍കിയത്.
ഹിന്ദുകുഷ് മലനിരകള്‍ക്കിടയില്‍ നിന്നുമാണ് ലാദനെ കണ്ടെത്തിയത് എന്ന് പുറംലോകം അറിയണം എന്നായിരുന്നു അമേരിക്ക ആഗ്രഹിച്ചത്. കാരണം എങ്കില്‍ മാത്രമേ ലാദനെ സംരക്ഷിച്ചു എന്ന പഴിയില്‍ നിന്നും പാക്കിസ്ഥാനും അഫിഗാനിസ്ഥാനും രക്ഷപ്പെടാന്‍ കഴിയൂ. ലാദനെ ജീവനോടെ പിടികൂടുന്നതില്‍ പാക്കിസ്ഥാന് താല്‍പര്യമില്ലായിരുന്നു എന്നും ലേഖനം വിശദമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല