ന്യൂദല്‍ഹി: യോഗാചാര്യന് ബാബാ രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വിദേശങ്ങളില്‍ നിന്നുള്‍പ്പടെ ഏതെല്ലാം വഴികളിലൂടെയാണ് ബാബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തുന്നത് എന്നതും അന്വേഷണവിധേയമാക്കും എന്നാണ് സൂചന.
കോടികള്‍ വരുമാനമുള്ള ആശ്രമങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഏതെല്ലാം ഉന്നതരുടെ പക്കല്‍ നിന്ന് സാമ്പത്തികസഹായം ലഭ്യമാകുന്നു എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി അന്വേഷിക്കും. രാംദേവ് നടത്തുന്ന പതജ്ഞലി ട്രസ്റ്റ്, ജ്യോതി മന്ദിര്‍ ട്രസ്റ്റ് എന്നിവയ്ക്ക് നിലവില്‍ നികുതിയിളവ് ലഭിക്കുന്നുണ്ട്.
പതജ്ഞലി ഫുഡ്സ്, ദിവ്യ ഫാര്‍മസി, വേദിക് ബ്രോഡ്കാസ്റ്റിംഗ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് തയ്യാറെടുക്കുന്നത്. റെവന്യൂ ഇന്റലിജന്‍സ് വിഭാഗവും നികുതി തട്ടിപ്പ് അന്വേഷിക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ വിഭാഗവും അന്വേഷണത്തില്‍ പങ്കാളികളാകും.
അതിനിടെ തന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ രാംദേവ് നിരാകരിച്ചിട്ടുണ്ട്. സര്‍ക്കാറിന് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്താമെന്നും രാംദേവ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല