അപ്പച്ചന് കണ്ണന്‍ചിറ
വെസ്റ്റ് മിനിസ്റ്റര്‍: യുകെ റോമന്‍ കത്തോലിക്ക സഭയുടെ സിരാ കേന്ദ്രമായ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിന് റവ.ജോസ് തയ്യില്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ത്ഥാടനം മെയ് 23 നു ശനിയാഴ്ച ഭക്തി പുരസ്സരം കൊണ്ടാടുന്നു.ഒറീസ്സയിലെ ബലസോര്‍ രൂപതയുടെ മുന്‍ ബിഷപ്പ് അഭിവന്ദ്യ മാര്‍ തോമസ് തിരുതാലില്‍ CM തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികനായി പങ്കു ചേരും. സതക്ക് അതിരൂപതാ ചാപ്ലിന് ഫാ.ബിജു കൊറ്റനെല്ലൂര്‍ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപത ചാപ്ലിന് ഫാ. ജോസ് തയ്യില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരി പങ്കു ചേരും.
യു കെ യില്‍ മാതാവ് ദര്‍ശ്ശനം നല്കിയ പുണ്യ കേന്ദ്രങ്ങളില്‍ എയില്‍സ് ഫോര്‍ഡ് പ്രയറി ഏറെ ശ്രദ്ധേയമാണ്. കര്‍മ്മലീത്ത കൊണ്ഗ്രിഗേഷന് മിഷനറിയും,വിശുദ്ധരുടെ ഗണത്തില്‍ പിന്നീട് നാമകരണം ചെയ്യപ്പെടുകയും ചെയ്ത വി.സൈമണ്‍ സ്റ്റൊക്ക് പിതാവിന് മാതാവ് പ്രത്യക്ഷപ്പെടുകയും വെന്തിങ്ങ(ഉത്തരീയം) നല്‍കുകയും ചെയ്ത ഇടമാണ് എയില്‍സ് ഫോര്‍ഡ് പ്രയറി. ഉത്തരീയത്തിനു ആഗോളതലത്തില്‍ പ്രചാരം നല്‍കണമെന്ന് സൈമണ്‍ സ്റ്റൊക്ക് പിതാവിന് മാതാവ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.വെന്തിങ്ങ ധരിച്ചു മരിക്കുന്ന ഏവരും സ്വര്‍ഗ്ഗ രാജ്യം പ്രാപിക്കുമെന്നും മാതാവ് പിതാവിന് വാഗ്ദാനം നല്കിയത്രെ. അതിന്റെ വിശ്വാസ പിന്തുടര്ച്ചയായാണ് വെന്തിങ്ങാ ധരിക്കുന്നതും, മരിക്കുമ്പോള്‍ ഉത്തരീയം ധരിപ്പിച്ചു ശംസ്ക്കരിക്കുന്നതും.
മെയ് 23 നു ശനിയാഴ്ച രാവിലെ 10:30 നു ആഘോഷമായ സമൂഹ ബലിയോടെ തീര്‍ത്ഥാടനത്തിനു തുടക്കമാവും. മരിയന്‍ സന്ദേശം കുര്‍ബ്ബാന മദ്ധ്യേ നല്‍കുന്നതായിരിക്കും. തുടര്‍ന്ന് ഭക്ഷണത്തിനുള്ള ഇടവേള.ഉച്ചക്ക് 2:00 മണിക്ക് പ്രയറിയുടെ ജപമാല വീഥികളിലൂടെ ബഹുമാനപ്പെട്ട വൈദികര്‍ നല്കുന്ന അനുബന്ധ വിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന പരിശുദ്ധ ജപമാല തീര്‍ത്ഥാടനം.ദേവാലയത്തില്‍ തിരിച്ചെത്തിയ ശേഷം 3:00 മണിക്ക് ദിവ്യകാരുണ്യ ആരാധനയും,വാഴ്വും ഉണ്ടായിരിക്കും.സമാപന ആശീര്‍വ്വാദത്തോടെ വൈകുന്നേരം4:00 മണിക്ക് എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.
ഏറെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ എയില്‍സ് ഫോര്‍ഡ് പ്രയറിയില്‍ നടത്തുന്ന തീര്‍ത്ഥാടനത്തില്‍ ഭക്തി പുരസ്സരം പങ്കു ചേര്‍ന്ന് അത്ഭുത മദ്ധ്യസ്ഥ ശക്തിയായ പരിശുദ്ധ അമ്മയുടെ സഹായവും, അനുഗ്രഹവും മാദ്ധ്യസ്ഥതയും പ്രാപിക്കുവാന്‍ ഏവരെയും വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലിന് ഫാ. ജോസ് തയ്യില്‍ സസ്നേഹം ക്ഷണിക്കുന്നു.
പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ഫാ.ജോസ് തയ്യില്‍ 07450971874 വിനീഷ് ചാക്കോ 07590373750 എന്നിവരുമായി ബന്ധപ്പെടുക.
The Friars, Aylesford Kent ME20 7BX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല