സ്വന്തം ലേഖകന്‍: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് കുവൈത്ത് സര്‍ക്കാരിന്റെ ഇ ട്രാക്കിങ് സംവിധാനം വരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിലൂടെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ 80 ശതമാനം അനധികൃത താമസക്കാരെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വിദേശികളാണ് രാജ്യത്ത് മതിയായ രേഖകള്‍ ഇല്ലാതെ താമസിക്കുന്നത്. ഫീല്‍ഡ് പരിശോധന കൊണ്ട് മാത്രം ഇത്രയും പേരെ കണ്ടെത്താന്‍ കഴിയില്ല എന്നതുകൊണ്ടാണ് പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ അധികൃതര്‍ തയ്യാറായത്.
പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്റെയും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെയും സാങ്കേതിക സഹായത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് അനധികൃത താമസക്കാരെ കണ്ടെത്താന്‍ ഓട്ടോമേറ്റഡ് ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
ഇഖാമ ലംഘകരെ കണ്ടെത്താനുള്ള ഫീല്‍ഡ് പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ പിടിയിലായതായാണ് സൂചന. പ്രത്യേക പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന അനധികൃത ബാക്കാല നടത്തിപ്പുകാരെ പിടികൂടുന്നതിന് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘവും രംഗത്തുണ്ട്.
അതിനിടെ കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്യത്തുള്ള 70 ശതമാനം വിദേശികളും ശരാശരിയിലും താഴെ വിദ്യാഭ്യാസ യോഗ്യതയുള്ള അവിദഗ്ധ ജോലിക്കാരാണെന്നത് രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നു എന്നാണ് സര്‍ക്കാര്‍ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല