സ്വന്തം ലേഖകന്‍: പുരുഷ പങ്കാളിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍. പ്രധാനമന്ത്രി തന്റെ പുരുഷപങ്കാളിയായ ഗോഥിയര് ഡെസ്നേയെ അടുത്താഴ്ച വിവാഹം ചെയ്യും.
2010 മുതല്‍ ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗ പ്രണയികളാണ് ബെട്ടേലും ആര്‍ക്കിടെക്ടായ ഗോഥിയറും. ഡച്ച് അധീനതയിലുള്ള ചെറുരാജ്യമായ ലക്സംബര്‍ഗില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നിയമം നിലവില്‍ വന്നത്.
പുതിയ നിയമം നടപ്പിലായ ഉടനെയാണ് 40 കാരനായ പ്രധാനമന്ത്രി തന്റെ സ്വവര്‍ഗപ്രണയത്തിന് വിവാഹത്തിന്റെ അംഗീകാരം നേടാനൊരുങ്ങുന്നത്. ഭൂരിപക്ഷവും റോമന്‍ കത്തോലിക്കാ വിശ്വാസികളുള്ള യാഥാസ്ഥിതികമായ സമൂഹത്തില്‍നിന്ന് ഉയരാന്‍ സാധ്യതയുളള വിമര്‍ശനങ്ങള്‍ ഭയന്ന് കഴിയുന്നത്ര സ്വകാര്യമായി വിവാഹം നടത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നാണ് സൂചന.
ഡപ്യൂട്ടി പ്രധാനമന്ത്രി എറ്റിയെന്‍ ഷ്നീഡര്‍ സ്വവര്‍ഗ പ്രണയിയാണെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതോടെ പ്രധാനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയും സ്വവര്‍ഗ പ്രണയികളായുള്ള ലോകത്തിലെ ഏക രാജ്യമാകുകയാണ് ലക്സംബര്‍ഗ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല